ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്…? ചിരിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും നാം നഷ്ടപ്പെടുത്താറില്ല. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളാല്‍ ചിരിക്കാന്‍ മറന്നുപോയ ഒരുകൂട്ടം പേര്‍ നമുക്കിടയില്‍ തന്നെയുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍. അവര്‍ക്ക് വേണ്ടി കേരള പൊലീസ് പുതിയൊരു വേറിട്ട പദ്ധതിയുമായി എത്തിയിരിക്കുകയാണ്. ചിരി എന്നാണ് പദ്ധതിയുടെ പേര്. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണിത്.കൊറോണ വ്യാപനത്തെ തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചിരി പദ്ധതിയുടെ കോള്‍ സെന്ററിലേയ്‌ക്ക് ഇതിനോടകം തന്നെ വന്നത് 2500 ലധികം ഫോണ്‍ കോളുകളാണ്. 9497900200 എന്നതാണ് ചിരിയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍. ഇതിലേയ്‌ക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്ററുമായി പങ്കുവെയ്‌ക്കുന്നത്.
മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്‌ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ ഫോണ്‍ കോളുകളില്‍ അധികവും. ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചിരി കോള്‍ സെന്ററില്‍ നിന്ന് അടിയന്തിരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്‌ദ്ധരുടെ സേവനവും ലഭ്യമാക്കി. പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്‌ദ്ധരെ കൂടാതെ കുട്ടികളും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നുണ്ട്. മുതിര്‍ന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളന്റിയര്‍മാര്‍.
സേവന തല്‍പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യ വിദഗ്‌ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്‌ദ്ധസമിതി ഇവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലെയും അഡീഷണല്‍ എസ്.പിമാരും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുളള ഡിവൈ.എസ്.പിമാരുമാണ് ചിരി പദ്ധതിയുടെ ഏകോപനം നിര്‍വ്വഹിക്കുന്നത്. ഐ.ജി പി.വിജയനാണ് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍.















