ലോകത്തിന്റെ മുഴുവൻ ശക്തിയും ഉൾക്കൊള്ളിച്ചിരിക്കുന്ന വാക്ക് ഓം . ഒരുവന് ശാരീരികവും മാനസികവുമായ ഊർജ്ജമാണിത് നൽകുന്നത് . ഓം എന്ന വാക്കിനെ പ്രപഞ്ച ശബ്ദമായാണ് കരുതുന്നത്. കാരണം ഈ വാക്കിന്റെ തരംഗ ആവൃത്തിയും ഭൂമിയുടെ തരംഗ ആവൃത്തിയും ഒരുപോലെയാണ്.
ഓം ഉരുവിടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.ശാന്തവും തുറസ്സായതുമായ സ്ഥലങ്ങൾ ഇതിനായി കണ്ടെത്താൻ ശ്രമിക്കുക. രാവിലെ ഉണരുമ്പോൾ ഓം ഉച്ചരിക്കുന്നതിലൂടെ നല്ലൊരു ദിവസം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.
ഒരു മതത്തിന്റെ ചിഹ്നമല്ലേ എന്ന സംശയം പാടില്ല. മനസ്സിന് സന്തോഷം ലഭിക്കാനും മനസമാധാനത്തിനും വേണ്ടി ആളുകൾ ഉപയോഗിക്കുന്ന ഒരു ധ്യാനമാണിത്. ശാന്തമായി തറയിൽ പത്മാസനത്തിൽ ഇരുന്ന് കണ്ണുകളടച്ച് ദീർഘമായി ശ്വാസമെടുത്ത് എത്ര നീളത്തിൽ പറയാമോ അത്ര നീളത്തിൽ ഓം ഉച്ചരിക്കുക. ഉദരത്തിൽ നിന്നും വരുന്ന രീതിയിൽ ആയിരിക്കണം ഉച്ചരിക്കേണ്ടത്.

ഓം ഉച്ചരിക്കുന്നതിലൂടെ നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം ശുദ്ധമാവുകയും നമ്മുടെ ഏകാഗ്രത വർധിക്കുകയും ചെയ്യുന്നു. കൂടാതെ ശാരീരികമായ നേട്ടങ്ങൾ കൂടി ഉണ്ടാകുന്നു. ഉദാഹരണത്തിന് പ്രതിരോധശേഷി, സ്വന്തമായുള്ള രോഗശമനശക്തി എന്നിവ അഭിവൃദ്ധിപ്പെടുന്നു.
ഓം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ സ്വരനാളപാളിയിലും സൈനസിലും പ്രകമ്പനം ഉണ്ടാകുന്നു. ഈ പ്രകമ്പനങ്ങൾ സൈനസുകളെ തുറക്കുന്നു. ഓം എന്ന ജപം അത് ഉച്ചരിക്കുന്നവർക്ക് മാത്രമല്ല, കേൾക്കുന്നവർക്കും നല്ലത് തന്നെയാണ്.
രക്തസമ്മർദം കുറയ്‌ക്കുകയും തന്മൂലം ഹൃദയമിടിപ്പ് ക്രമീകൃതമാവുകയും ചെയ്യുന്നു.

ഓം എന്ന വാക്കിന്റെ അർത്ഥം ശിവപുരാണത്തിൽ പ്രണവ എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്ര എന്നാൽ പ്രപഞ്ചമെന്നും, ണ എന്നാൽ ഇല്ല എന്നും, വ എന്നാൽ നിങ്ങൾ എന്നും ആണ്. അതായത് എല്ലാവരുടെയും ദുഃഖങ്ങളെയും ദുരിതങ്ങളെയും ഇല്ലാതാക്കാൻ ഈ വാക്കിന് ശക്തിയുണ്ട്.
പ്രണവ എന്ന വാക്കിന് മറ്റൊരു അർത്ഥം കൂടിയുണ്ട്. പ്ര എന്നാൽ പ്രകൃതിയെന്നും, ണവ എന്നത് നൗക എന്നും ആണ് സൂചിപ്പിക്കുന്നത്. അതായത് ലോകമാകുന്ന കടലിനെ മുറിച്ച് കടക്കാനുള്ള നൗകയാണ് ഓം എന്ന വാക്ക്.
‘ആആആ’ (അകാരം) എന്ന് പറയുമ്പോൾ ഉദരം, നെഞ്ച് എന്നിവിടങ്ങളിൽ പ്രകമ്പനം അറിയാൻ സാധിക്കും. ‘ഊഊഊ’ (ഉകാരം) എന്ന് പറയുമ്പോൾ തൊണ്ട ഭാഗം, നെഞ്ച് ഭാഗം എന്നിവിടങ്ങൾ പ്രകമ്പനം ഉണ്ടാകുന്നു. ‘എംഎംഎം’ (മകാരം) എന്ന് പറയുമ്പോൾ മൂക്കുഭാഗം, തല ഭാഗം എന്നിവിടങ്ങളിൽ പ്രകമ്പനം ഉണ്ടാകുന്നു. അകാരം, ഉകാരം, മകാരം എന്നിവ ഒരുമിച്ച് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടാക്കാൻ സാധിക്കുന്ന ‘ഓം’ ഉണ്ടാകുന്നു.
ശരീരത്തെയും മനസിനെയും ശുദ്ധമാക്കുന്നതോടൊപ്പം ഒട്ടനവധി ശാരീരിക-മാനസിക നേട്ടങ്ങളും ഓം ഉച്ചരിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കും.















