തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണന്‍ ഒരു മാലയ്‌ക്കായി പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍…മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ഈ കൃഷ്ണ ഭക്തിഗാനം കേള്‍ക്കാത്തവരോ ഇഷടപ്പെടാത്തവരോ ഇല്ല. എന്നാല്‍ ഒരുപാട് വേദികളില്‍ നിറഞ്ഞു നിന്ന ഈ ഗാനത്തിന്റെ രചയിതാവിനെ എവിടെയും പറഞ്ഞു കേട്ടിട്ടില്ല. കൊല്ലം കരുനാഗപ്പളളിയിലെ പട്ടശ്ശേരി സഹദേവനാണ് മുപ്പതു വര്‍ഷം മുന്‍പ് ഈ ഗാനം എഴുതിയത്. തൃക്കൊടിത്താനം സച്ചിദാനന്ദന്‍, തിരുവല്ല ജയകൃഷ്ണന്‍ എന്നിവര്‍ നിരവധി വേദികളില്‍ പാടി ഹിറ്റാക്കിയ ഈ ഗാനം അടുത്തിടെ കരുനാഗപ്പളളി സ്വദേശിനിയായ ഹന്ന എന്ന പെണ്‍കുട്ടി പാടിയതോടെയാണ് സഹദേവന്‍ തന്റെ ഗാനം തിരിച്ചറിയുന്നത്.
പട്ടശ്ശേരി ആശ്രമത്തിലെ വിദ്യാധരന്‍ സ്വാമിയ്‌ക്കു ഭജന പാടാനായി എഴുതിയതാണ് ഈ ഗാനം. കരുനാഗപ്പളളി ഇടക്കുളങ്ങര മഠത്തിലെ രാധാമണിയമ്മ ഉള്‍പ്പടെയുളളവര്‍ അന്ന് ഈ ഗാനം പാടിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ വരികള്‍ കുറിച്ച ഡയറി ഇന്നും ഈ എണ്‍പത്തിയഞ്ചുകാരനായ സഹദേവന്റെ കൈയ്യില്‍ ഭദ്രമാണ്. മരം കയറ്റ തൊഴിലാളിയായ സഹദേവന്‍ ചെറുപ്പത്തില്‍ തന്നെ നിരവധി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. പക്ഷേ ജീവതത്തിന്റെ കഷ്ടപ്പാടിനിടയില്‍ സഹദേവന്റെ എഴുത്ത് താനേ ഉപേക്ഷിക്കേണ്ടി വന്നു.
നിരവധി വേദികളിലൂടെ ശ്രദ്ധ നേടിയ ഈ ഗാനം ജനങ്ങളിലേക്കെത്തിച്ചത് തിരുവല്ല സ്വദേശികളായ ജയകൃഷ്ണനും ശിവകുമാര്‍ അമൃതകലയും ചേര്‍ന്നാണ്. പിച്ചിപ്പൂ പിച്ചിയെടുത്ത് എന്നായിരുന്നു സഹദേവന്‍ എഴുതിയ വരികള്‍. എന്നാല്‍ വരികള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങളും അതിനു ചേര്‍ന്ന ഈണവും നല്‍കിയാണ് വേദികളിലേക്കെത്തിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഗാനം ആളുകള്‍ ഇത്രയധികം ഏറ്റെടുത്തതില്‍ വളരെ ഏറെ സന്തോഷവും അതിനു കാരണമായവരോട് നന്ദിയുമാണ് സഹദേവന് പറയാനുളളത്.















