കൽക്കട്ടയിൽ നിന്നും ലണ്ടനിലേക്ക് ബസ് സർവീസ് ! വിശ്വസിക്കാൻ ആകുന്നില്ല അല്ലെ. എന്നാൽ വിശ്വസിച്ചേ മതിയാവൂ. 60കളിൽ ഇന്ത്യയിൽ നിന്ന് UK യിലേക്ക് 15 ട്രിപ്പുകളും ലണ്ടനിൽ നിന്ന് സിഡ്നിയിലേക്ക് 4 ട്രിപ്പുകളും നടത്തിയ ബസ് ആണ് താരം. ‘The Indiaman’ എന്നായിരുന്നു ബസിന്റെ പേര്.

60കളിൽ നടന്ന സംഭവമാണിത്. ലണ്ടനിൽ നിന്ന് കൽക്കട്ടയിലേക്ക് 85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു ബസ് ചാർജ് (ഭക്ഷണം, താമസം, യാത്ര എന്നിവയ്‌ക്കുള്ള ആകെ തുകയാണിത്.). മടക്കയാത്രയ്‌ക്ക് 65 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു. ഇന്നതൊരു ചെറിയ സംഖ്യ ആയി തോന്നുമെങ്കിലും അന്നത്തെ കാലത്ത് ഇത് വലിയൊരു തുക തന്നെയായിരുന്നു. ലണ്ടനിലെ വിക്ടോറിയ കോച്ച് സ്റ്റേഷനിലെ ബസും യാത്രക്കാരുമുള്ള ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.ഈ ബസ് നടത്തിയ ആദ്യ യാത്രയ്‌ക്ക് മുന്നേയുള്ള ചിത്രമാണ് ഇതെന്ന് പറയപ്പെടുന്നു. ഓസ്വാൾഡ് ജോസഫ് ഗാരോ ഫിഷർ എന്നയാളാണ് ഈ ബസിന്റെ ഉടമസ്ഥനും ഡ്രൈവറും.

ചെറിയ സോഫ, ഉറങ്ങുവാനുള്ള കിടക്ക , ഫാൻ, ഹീറ്ററുകൾ, പരവതാനി, റേഡിയോ എന്നിവയും ഈ ബസിൽ ലഭ്യമായിരുന്നു. ഒരു യാത്ര എന്നതിലുപരി ഇതൊരു വിനോദയാത്ര കൂടിയാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എല്ലാം തന്നെ ഉല്ലസിക്കുവാൻ സമയം നൽകിയിരുന്നു.
ബസിന്റെ ലോവർ ഡെക്കിൽ വായനയ്‌ക്കുള്ള സ്ഥലം, ഭക്ഷണം കഴിക്കുവാൻ ഉള്ള സ്ഥലം എന്നിവ കാണാൻ സാധിക്കും. മുകളിലെ ഡെക്കിൽ കാഴ്ചകൾ ഇരുന്ന് കാണുവാനുള്ള സ്ഥലങ്ങളും മറ്റും ഉണ്ട്.

1957 ഏപ്രിൽ 15ന് ലണ്ടനിൽ നിന്നുമാരംഭിച്ച കന്നിയാത്ര ജൂൺ 5-)o തീയതി കൽക്കട്ടയിൽ എത്തി. ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യൂഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്‌ഗാനിസ്ഥാൻ, പശ്ചിമ പാകിസ്ഥാൻ, ന്യൂഡൽഹി, ആഗ്ര അലഹബാദ്, ബനാറസ് എന്നിവയിലൂടെയുള്ള 50 ദിവസത്തെ യാത്രയ്‌ക്ക് ശേഷം മടങ്ങി കൽക്കട്ടയിലെത്തി. 1976 വരെ ബസ് സഞ്ചാരം തുടർന്നു.

കൊൽക്കത്ത ബസ്-ഓ-പീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ബസിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.















