മലയാള ഭാഷയുടെ പ്രിയപ്പെട്ട കവി ഡോ. കെ. അയ്യപ്പപ്പണിക്കർക്ക് ഇന്ന് ജന്മവാർഷിക ദിനം. കവി, അധ്യാപകൻ, സാഹിത്യ നിരൂപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ മേഖലകളിൽ തന്റെ കയ്യൊപ്പ് ചാർത്തിയ വ്യക്തിയാണ് ഡോ കെ അയ്യപ്പപ്പണിക്കർ. ആധുനികതയെ അതിശക്തമായി പ്രണയിച്ച കവി. പതിവ് സാമ്പ്രദായിക രീതിയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കവിത സാമാഹാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ട്ടികൾ. മലയാള കവിതയെ ലോകനിലവാരത്തിൽ എത്തിക്കാൻ നിർണായകമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ നവീന കവിതയുടെ പ്രമുഖ വക്താവും പ്രയോക്താവും കൂടിയാണ് ഡോ. കെ. അയ്യപ്പപ്പണിക്കർ.
1930 സെപ്റ്റംബർ 12ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലാണ് അയ്യപ്പപ്പണിക്കർ ജനിച്ചത്. സ്കൂൾ കോളേജ് പഠനത്തിന് ശേഷം അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്നും എം.എയും, പി.എച്ച്.ഡിയും നേടി. കോട്ടയം സി.എം.എസ് കോളേജ്, തിരുവനന്തപുരം എം.ജി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് മേധാവിയായും അദ്ദേഹം പ്രവർത്തിച്ചു.
മലയാള സാഹിത്യത്തിൽ നിരന്തരമായ നവീകരണം നടത്തിയ വ്യക്തിയാണ് ഡോ. കെ. അയ്യപ്പപ്പണിക്കർ. ആധുനിക കവിതയിൽ പരമ്പരാഗത രീതികൾ ഉപയോഗിച്ച് ഭൂതവർത്തമാന കാലങ്ങളെ കൂട്ടിയിണക്കിയ കവി. അദ്ദേഹത്തിന്റെ സൃഷ്ടിയിലെ ഓരോ ആസ്വാദകരെയും തന്റെ കവിതയുടെ ഭാഗമായി മാറ്റുന്ന കവിതാശൈലിയാണ് അയ്യപ്പപ്പണിക്കരുടേത്. സമകാലിക ജീവിതവും അതിന്റെ പ്രസക്തിയും തന്റെ കവിതയിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരുപക്ഷെ ‘പോസ്റ്റ് മോഡേണിസം’ എന്ന വാക്ക് ലോകസാഹിത്യത്തിൽ ഉപയോഗിക്കുന്നതിനു മുൻപ് തന്നെ മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് അയ്യപ്പപ്പണിക്കർ. കുരുക്ഷേത്രം, മൃത്യുപൂജ, കുതിരക്കൊമ്പ്, പൂക്കാതിരിക്കാൻ എനിക്കാവതില്ല, ഗോത്രയാനം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന രചനകൾ.















