ദോഹ : ഖത്തറിനെതിരെ മൂന്ന് അയല്‍ രാജ്യങ്ങള്‍ മൂന്നു വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാൻ താൽക്കാലിക പരിഹാരം ഉള്‍പ്പെടെ വിവിധ മാർഗങ്ങൾ പരിഗണിക്കുന്നതായി അമേരിക്ക. യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി തിമോത്തി ലെൻഡർകിങ് ആണ് ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അയല്‍രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കണം. അതിനു ബന്ധപ്പെട്ട എല്ലാവരും ഒത്തുതീർപ്പുകൾക്ക് വഴങ്ങണം. അതാണ് യുഎസിന്റെ ആഗ്രഹമെന്നും തിമോത്തി കൂട്ടിച്ചേർത്തു. ഇത് ഏതാനും ആഴ്ചകള്‍ കൊണ്ട് സാധിക്കുന്ന കാര്യമല്ല. പ്രതിസന്ധി പരിഹരിക്കാൻ യുഎസ് എപ്പോഴും സന്നദ്ധമാണ്. ബന്ധപ്പെട്ട രാജ്യങ്ങളുമായെല്ലാം യുഎസ് ആശയവിനിമയം നടത്തി വരികയാണ്. പശ്ചിമേഷ്യന്‍ സുസ്ഥിരതയ്ക്ക് ഗൾഫ് മേഖലയിലെ ഐക്യം അനിവാര്യമാണ്. സ്ഥിരപരിഹാരത്തിന് മുന്നോടിയായി റോഡുമാര്‍ഗം ഖത്തർ -സൗദി ചരക്ക് നീക്കം വർധിപ്പിക്കുന്നതടക്കമുള്ള താല്‍ക്കാലിക സാധ്യതകളും പരിഗണനയിലുണ്ട്. തർക്കപരിഹാരത്തിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ തിമോത്തി പ്രശംസിച്ചു.
Comments