മാനസികമായി വളരെയധികം സമ്മർദ്ദവും ബുദ്ധിമുട്ടും ഉള്ള ഒരു സാഹചര്യത്തിലൂടെയാണ് ഇപ്പോൾ നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് . ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും അതിലുമുപരി സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയം കൂടിയാണിത് . അതിനാൽ തന്നെ സാമൂഹ്യ അകലം പാലിക്കേണ്ട ഈ സാഹചര്യത്തിൽ വീടുകളിൽ തന്നെ ജീവിതം കഴിച്ചു കൂട്ടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കുവാൻ പോലും സാധ്യമല്ല . ഒരുപായം എന്ന നിലക്ക് വീടിനുള്ളിൽ വാസ്തുപരമായ ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ മാനസിക സമ്മർദ്ദത്തിന്റെ തോത് കുറക്കാൻ സഹായിച്ചേക്കാം എന്നാണ് വാസ്തു വിദഗ്‌ദ്ധരുടെ അഭിപ്രായം .
വീടുകളുടെ വടക്കുകിഴക്ക് ഭാഗത്തുള്ള വാസ്തുപരമായ തകരാറുകൾ മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നാണ് പറയുന്നത് . അതിനാൽ വീടിന്റെ വടക്കു കിഴക്ക് ഭാഗം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കേണ്ടത് അനിവാര്യമാണ് . വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി ശുചിമുറി , സെപ്റ്റിക് ടാങ്ക് , സ്റ്റോർ മുറി എന്തിന് ഒരു വേസ്റ്റ് ബാസ്കറ്റ് പോലും വെക്കരുത് എന്നാണ് പറയപ്പെടുന്നത് .
വീടിനുള്ളിൽ പോസിറ്റീവ് എനർജി കൊണ്ട് വരുവാനായി സ്വീകരണ മുറിയിലേക്ക് കടക്കുന്ന ഭാഗത്തോ , പൂജ മുറി ഉള്ളിടത്തോ ഒരു ജല ഘടകം വെക്കുന്നത് ഉത്തമമായിരിക്കും .വീടിന്റെ അഗ്നിമൂലയിലേക്കു വെള്ളം ഒഴുകി ചെല്ലുന്ന രീതിയിൽ ഉള്ള നിർമ്മാണമോ മറ്റ് ജല ഘടങ്ങളോ ഉണ്ടെങ്കിൽ മാനസിക സംഘർഷം വർധിക്കും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത് .
കിഴക്കുഭാഗത്ത് അമിതമായി സസ്യങ്ങൾ നട്ട് പിടിപ്പിക്കുന്നത് മാനസിക സംഘർഷം വർദ്ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത് .കൂടാതെ വടക്കുപടിഞ്ഞാറൻ ഭാഗത്തോ തെക്ക് കിഴക്കൻ ദിശയിലേക്കോ വീടിന്റെ ഭാഗം നീട്ടി പണിയുന്നത് വാസ്തുപരമായി ദോഷം ഉണ്ടാക്കുന്ന കാര്യമാണ് .
വീടിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശം മാനസിക സ്ഥിരതയ്‌ക്കുള്ള ഒരു പ്രധാന മേഖലയാണ്. ഈ പ്രദേശത്ത് മാസ്റ്റർ ബെഡ്‌റൂം സ്ഥാപിക്കുന്നതിലൂടെ മാനസികമായി സ്ഥിരത, നേതൃത്വം, ജാഗ്രത എന്നിവ ഉറപ്പാക്കുന്നു.
തെക്ക് അല്ലെങ്കിൽ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് പൂജ മുറി വെക്കുന്നത് മാനസിക അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. അതിനാൽ ഉടൻ തന്നെ വടക്ക് കിഴക്ക് ഭാഗത്തേക്ക് പൂജ മുറി മാറ്റുന്നത് എല്ലാ തടസ്സങ്ങളെയും ഗണ്യമായി നീക്കംചെയ്യും.















