മ്യൂണിച്ച്: യുവേഫാ സൂപ്പര്‍ കപ്പ് കിരീടം ബയേണ്‍ മ്യൂണിച്ചിന്. സെവിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ ലീഗ് ചാമ്പ്യന്മാര് തോല്‍പ്പിച്ചത്. കളിയുടെ ഇരുപകുതികളിലുമായാണ് ബയേണിന്റെ ഗോളുകള്‍ പിറന്നത്. കളിയുടെ 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സെവിയയാണ് ആദ്യ ലീഡ് പിടിച്ചത്. സെവിയയ്ക്കായി ലൂക്കാസ് ഓക്കാപോസാണ് പെനാല്‍റ്റി മുതലാക്കിയത്. എന്നാല്‍ 34-ാം മിനിറ്റില്‍ ലിയോണ്‍ ഗോറേറ്റ്സ്കാ ബയേണ്‍ മ്യൂണിച്ചിനായി സമനില നേടി. കളിയുടെ അവസാന നിമിഷത്തിലെ ഇഞ്ചുറി ടൈമിലാണ് മ്യൂണിച്ചിന്റെ വിജയഗോള്‍ പിറന്നത്. ജാവി മാര്‍ട്ടിനെസാണ് 104-ാം മിനിറ്റില്‍ കീരിടനേട്ടത്തിലേയ്ക്ക് പന്ത് പായിച്ചത്. വിജയഗോളിന് കാരണക്കാരനായ ജാവി പകരക്കാരനായിട്ടാണ് ഇറങ്ങിയത്.
പരിശീലകന് ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ ബയേണിന്റെ നാലാമത്തെ കിരീടമാണ് സൂപ്പര്‍ കപ്പിലൂടെ നേടിയിരിക്കുന്നത്. കളിയിലുടനീളം മുന്നേറിയ ബയേണ്‍ സൂപ്പര്‍താരങ്ങളായ ലെവന്‍ഡോസ്കിയും മുള്ളറും ബെഞ്ചമിന്‍ പവാര്‍ഡും ഗോളവസരങ്ങള്‍ പാഴാക്കി. 32 മത്സരങ്ങളിലായി പരാജയമറിയാതെയാണ് ബവേറിയന്‍സ് എന്ന വിളിപ്പേരുള്ള ബയേണ്‍ മുന്നേറുന്നത്. 2019 ഡിസംബറിലാണ് ബയേണ്‍ അവസാനമായി പരാജയമറിഞ്ഞത്. കഴിഞ്ഞയാഴ്ച ലീഗില്‍ ഷാല്ക്കക്കെതിരെ എതിരില്ലാത്ത 8 ഗോളുകളുടെ ഗംഭീര ജയം നേടിയ കരുത്ത് പ്രകടിപ്പിക്കാനായില്ലെന്ന വിഷമം താരങ്ങള്‍ പങ്കുവച്ചു.
Comments