ദൈവത്തിന്റെ സ്വന്തം നാടായ കേരളം വൈവിധ്യമാർന്ന കലാരൂപങ്ങൾക്കും , പ്രകൃതി സൗന്ദര്യം നിറഞ്ഞ പ്രദേശങ്ങൾക്കും , കൊതിയൂറുന്ന വ്യത്യസ്തമായ പാചകക്കൂട്ടുകൾക്കും പേര് കേട്ടതുപോലെ തന്നെ പ്രസിദ്ധമാണ് കേരളത്തിന്റെ പരമ്പരാഗതമായ ആഭരണങ്ങളും .
കേരളത്തിന്റെ പരമ്പരാഗത ആഭരണങ്ങൾ വൈവിധ്യമാർന്ന കലാസൃഷ്ടികൾക്ക് പേര് കേട്ടതാണ് . ദക്ഷിണേന്ത്യയിലെ ദേവീദേവന്മാരുടെ രൂപങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ആഭരണങ്ങൾ ഭാരതത്തിന്റെ സംസ്കാരം എടുത്തു കാട്ടുന്നവയാണ് . അതിനാൽ തന്നെ ക്ഷേത്ര ശില്പങ്ങൾ കൊത്തിയ ആഭരണങ്ങൾക്ക് എന്നും വിപണിയിൽ മൂല്യമുള്ളവയാണ് .
കേരളത്തിലെ പരമ്പരാഗത ആഭരണങ്ങൾക്ക് തൂക്കം കൂടുതൽ ഉള്ളതിനാലും കാഴ്ചയിൽ പ്രൗഢത നിലനിൽക്കുന്നതിനാലും വജ്രാഭരണങ്ങളെക്കാൾ വിവാഹ വിപണിയിൽ മുൻതൂക്കം ലഭിക്കുന്നത് പാരമ്പര്യം എടുത്തു നിൽക്കുന്ന സ്വർണ്ണാഭരണങ്ങൾക്ക് തന്നെയാണ് .
കേരളത്തിൽ ഇന്നും നിലനിൽക്കുന്ന പരമ്പരാഗത ആഭരണങ്ങൾ ചോള പാണ്ട്യ രാജാക്കന്മാരുടെ കാലം മുതൽക്കേ ഉള്ളതാണ് . ആദ്യ കാലങ്ങളിൽ ക്ഷേത്ര ശില്പങ്ങൾ കൊത്തിയ ആഭരണങ്ങൾ അണിഞ്ഞിരുന്നത് ക്ഷേത്ര നർത്തകരും ഭക്തരും ആയിരുന്നു . ഈ ആഭരണങ്ങൾ മനോഹരമായത് കൊണ്ട് തന്നെ കാലക്രമേണ ഇവ ജനപ്രിയമായി തീരുകയായിരുന്നു .
കേരളത്തിലെ പരമ്പരാഗത ആഭരണങ്ങൾ ഇവയൊക്കെയാണ്
മാങ്ങാ മാല

ചെറിയ മാങ്ങയുടെ ആകൃതിയിലുള്ള പതക്കങ്ങൾ ഉപയോഗിച്ചാണ് മാങ്ങാ മാല നിർമ്മിക്കുന്നത് .കേരളത്തിൽ വളരെയധികം പ്രചാരം ഉള്ള പരമ്പരാഗത ആഭരണം കൂടിയാണ് മാങ്ങാ മാല .
മുല്ല മൊട്ട് മാല

മുല്ലപ്പൂവിന്റെ മുകുളങ്ങളുടെ ആകൃതിയിൽ ഉള്ള ചെറിയ സ്വർണ്ണ ഇതളുകൾ ചേർന്ന മാലയാണ് മുല്ല മൊട്ട് മാല .
പുലിനഖ മാല

പുലിനഖം എന്ന വാക്ക് ഒരു കടുവയുടെ നഖങ്ങളെ സൂചിപ്പിക്കുന്നു, അതിനാൽ പുലിനഖ മാലയിൽ കടുവയുടെ നഖങ്ങളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത കല്ലുകൾ ഒന്നിച്ച് ചേർത്താണ് മനോഹരമായ ഈ മാല നിർമ്മിക്കുന്നത് .
കരിമണി മാല

കറുത്ത മുത്തുകളും സ്വർണ്ണ മുത്തുകളും ചേർത്ത് നിർമ്മിക്കുന്ന മാലയാണ് കരിമണി മാല . ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും വിവാഹിതരായ സ്ത്രീകൾ ആണ് കൂടുതലായും കരിമണി മാല ധരിക്കാറുള്ളത് .
കാശു മാല അല്ലെങ്കിൽ ലക്ഷ്മി മാല

കാശു എന്നത് നാണയത്തെ സൂചിപ്പിക്കുന്നതിനാൽ , ചെറിയ നാണയത്തുട്ടുകൾ കോർത്തിണക്കിയാണ് കാശു മാല ഉണ്ടാക്കുന്നത് . ചില കാശു മാലകളുടെ നാണയത്തിൽ ലക്ഷ്മി ദേവിയുടെ രൂപം ആലേഖനം ചെയ്യാറുള്ളതിനാൽ ഇവ ലക്ഷ്മി മാലയെന്നും അറിയപ്പെടുന്നു .
പാലക്ക മാല

പച്ച നിറത്തിൽ ഉള്ള കല്ലുകൾ അല്ലെങ്കിൽ മരതകത്തിന് ചുറ്റും സ്വർണ്ണ വളയം തീർത്ത ഇലയുടെ മാതൃകയിൽ ഉള്ള ഇതളുകൾ ചേർത്ത് നിർമ്മിക്കുന്ന മാലയാണ് പാലക്ക മാല .
നാഗപട മാല

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ആഭരണങ്ങളിൽ ഒന്നാണ് ഇത്. ഒരു നാഗത്തിന്റെ പത്തിയുടെ ആകൃതിയിൽ ഉള്ള മരതകമോ നീല കല്ലുകളോ സ്വർണ്ണം കെട്ടി നിർമ്മിക്കുന്ന ഒന്നാണ് നാഗപട മാല .















