വളരെ അധികം ജനശ്രദ്ധ നേടിയെടുത്ത ഒരു ചിത്രമായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ ജോസഫ്. കുടുംബ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കഥ പറഞ്ഞുപ്പോയ ഈ ചിത്രത്തിന്റെ സംവിധായകന് എം. പത്മകുമാറായിരുന്നു. ആളുകളുടെ മനസ്സില്‍ ഇടം കണ്ടെത്തിയ ഈ ചിത്രം ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാനായി തയ്യാറെടുക്കുകയാണ്. സംവിധായകന് എം. പത്മകുമാര്‍ തന്നയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. വിചിത്തിരന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഇപ്പോള്‍ വിചിത്തിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നടനായ ശിവകാര്‍ത്തികേയനാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. തമിഴിലെ പോലെ തന്നെ മലയാളികള്‍ക്കും പരിചിതനായ ആര്. കെ സുരേഷാണ് ചിത്രത്തില്‍ ജോജു ജോര്‍ജ്ജിന്റെ കഥാപാത്രം ചെയ്യുന്നത്. മധുരരാജ എന്ന ചിത്രത്തിലെ ദുഷ്ടനായ പോലീസ് കഥാപാത്രത്തെ മലയാളികള്‍ മറക്കാനിടയില്ല.
വിചിത്തിരനായി കഠിനാധ്വാനത്തിലൂടെ ഇരുപത്തി രണ്ട് കിലോ ഭാരം കുറിച്ചിരിക്കുകയാണ് താരം. മലയാളത്തിലേ പോലെ തന്നെ രണ്ടു ഗെറ്റപ്പിലാണ് ആര്. കെ സുരേഷും ചിത്രത്തില്‍ എത്തുന്നത്. കഥാപാത്രത്തിലേയ്ക്ക് എത്താനായി താരം ഒരുപാട് പരിശ്രമിച്ചു. ആര്. കെ സുരേഷിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് കരുതാം. ബി സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകനായ ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ചെറിയ കഥാപാത്രങ്ങളിലൂടെ കടന്നു വന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ജോജു ജോര്‍ജ്ജ്. ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രം ജോജു ജോര്‍ജ്ജ് എന്ന നടന്റെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ജോസഫിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ജോജു ജോര്‍ജ്ജിനു ലഭിച്ചു.
Comments