രണ്ടുപേർ ഒന്നായി മാറുന്നതിനെയാണ് നാം പ്രണയമെന്ന് പറയുന്നത്. എല്ലാ പ്രണയങ്ങളും വിജയിക്കണം എന്നുമില്ല. തെറ്റിദ്ധാരണ കൊണ്ടോ അല്ലെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടോ സംശയം കൊണ്ടോ തകരുന്ന ഒരുപാട് പ്രണയങ്ങൾ ഉണ്ട്. പ്രണയങ്ങൾ തകരുമ്പോൾ മാനസികവും തുടർന്ന് ശാരീരികവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം.
പെട്ടെന്നുള്ള ദേഷ്യത്തിലോ സങ്കടത്തിലോ എടുക്കുന്ന തീരുമാനങ്ങൾ ആണ് പ്രണയങ്ങൾ തകരാൻ കാരണമാകുന്നത്. പ്രണയം ഇല്ലാതായാൽ പിന്നീടുള്ള ജീവിതം പ്രിയപ്പെട്ടവന്റെ / പ്രിയപ്പെട്ടവളുടെ ഓർമ്മകളിൽ ആണ്.
പ്രണയവിരഹത്തിൽ നിന്നും ജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ചില ചിന്തകളും പ്രവർത്തികളും നാം ചെയ്യേണ്ടതുണ്ട്. മാനസികാരോഗ്യ വിദഗ്ധനായ ഔറബ് കബീർ പറയുന്ന ചില ചിന്താഗതികൾ നമുക്ക് പങ്കുവെക്കാം.
എന്താണോ സംഭവിച്ചത് അത് മാനസികമായി സ്വീകരിക്കാൻ തയ്യാറാവുക. ദേഷ്യം, നിഷേധിക്കൽ, വിഷമം, ആഘാതം തുടങ്ങീ നിരവധി അവസ്ഥകളിലൂടെ സഞ്ചരിക്കേണ്ടി വന്നേക്കും. സ്വയം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. പോസിറ്റീവ് ആയ മനസ്സോടെ ജീവിതത്തെ അഭിമുഖീകരിക്കുക.
വ്യായാമങ്ങൾ കൂടുതലായി ചെയ്യുന്നത് ശരീരത്തിലെ ചില ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ കാരണമാകും. ഇത് നിങ്ങളുടെ മാനസികവസ്ഥ മാറ്റാൻ ഉതകുന്നതാണ്.
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കുറെ നേരം സംസാരിക്കുക. വിഷമിച്ചിരിക്കുമ്പോൾ ആണ് നമ്മൾ കൂടുതലായി ചിന്തകളിൽ ജീവിക്കുന്നത്. അതിനുള്ള അവസരം ഇല്ലാതാക്കുക.
പ്രിയപ്പെട്ട ഒരാൾ ഇല്ലാതായാൽ ഒരു വലിയ ശൂന്യത തന്നെയായിരിക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുക. എന്നാൽ നിങ്ങളുടെ മുഖത്തെ പുഞ്ചിരി വാടാതെ കാത്തുസൂക്ഷിക്കുന്ന നിരവധിയാളുകൾ നിങ്ങൾക്ക് ചുറ്റും ഉള്ളപ്പോൾ എന്തിനാണ് നിങ്ങൾ വിഷമിക്കുന്നത്.
ഒരു വിരഹത്തിൽ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനങ്ങൾ എടുക്കാതിരിക്കുക. നിങ്ങൾക്ക് വേണ്ടി നിരവധി അവസരങ്ങളെയും കയ്യിൽ പിടിച്ച് ജീവിതം ഇങ്ങനെ വിശാലമായി കിടക്കുമ്പോൾ നമ്മളെ വേണ്ട എന്ന് പറഞ്ഞ് നടന്നകന്ന ഒരു വ്യക്തിയെ ഓർത്തോർത്ത് ഈ ജീവിതം പാഴാക്കണോ ? നിങ്ങളുടെ ജീവിതമാണിത്. നിങ്ങളെ തോല്പിച്ചവർക്ക് മുന്നിൽ ജയിച്ചുകാണിച്ചുകൊടുക്കണം. എപ്പോഴും ജീവിതത്തെ പോസിറ്റീവ് ആയി കാണുക. വിജയം നിങ്ങൾക്ക് ഉള്ളതാണ്.
Comments