മിൽക്ക് ബിസ്ക്കറ്റ് സിൻഡ്രം എന്ന് പറയുന്നത് സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങളാണ് ഇതിന്റെ പിന്നിലെ കാരണങ്ങൾ. മിൽക്ക് കുക്കീസ് ഡിസീസ് എന്നുകൂടി പേരുള്ള ഈ രോഗത്തിന് ദഹനക്കേട്, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. കൊഴുപ്പുള്ള ഭക്ഷണങ്ങൾ, അമിതമായ പഞ്ചസാരയുള്ള പലഹാരങ്ങൾ എന്നിവ കഴിക്കുന്നതിലൂടെ കുട്ടികൾ ഈ രോഗത്തിന് അടിമയാകും. ധാരാളം കുട്ടികളിൽ ഇത് സംഭവിക്കുന്നുണ്ടെങ്കിലും പലപ്പോഴും മാതാപിതാക്കൾ തിരിച്ചറിയാറില്ല.
ബിസ്ക്കറ്റും പാലും എല്ലാ കുട്ടികളുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ പരിധിയിൽ കൂടുതൽ ബിസ്ക്കറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. മാത്രമല്ല മധുര പലഹാരങ്ങൾ, ഐസ്ക്രീം, ചോക്ലേറ്റ്, സംസ്ക്കരിച്ച ശീതളപാനീയങ്ങൾ എന്നിവയും മിൽക്ക് ബിസ്ക്കറ്റ് സിൻഡ്രം എന്ന അസുഖത്തിന് കാരണമാക്കും. അമിതമായി തൈര് കുടിക്കുന്നതും കുട്ടികളെ സംബന്ധിച്ച് ദോഷകരമാണ്. അതുപോലെ രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും ദഹന സംബന്ധമായ പ്രശ്നങ്ങൾ കുട്ടികളുടെ ശരീരത്തിൽ ഉണ്ടാക്കും.
സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് ഇതിനൊരു പ്രതിവിധി. മുതിർന്നവരിൽ നെഞ്ചേരിച്ചിൽ പോലുള്ള ലക്ഷണങ്ങളാണ് ഈ അസുഖത്തിന് പൊതുവെ കാണിക്കാറുള്ളത്. എന്നാൽ കുട്ടികളിൽ തൊണ്ടവേദനയായും ചുമയായും ഈ അസുഖം പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷെ മിൽക്ക് ബിസ്ക്കറ്റ് സിൻഡ്രം അഥവാ മിൽക്ക് കുക്കീസ് ഡിസീസ് എന്ന അസുഖത്തെ പറ്റിയുള്ള അറിവിലായ്മ കാരണം ചികിത്സ തേടുന്നത് മറ്റ് രോഗങ്ങൾക്കായിരിക്കും. അനാരോഗ്യമായ ഭക്ഷണ ശീലങ്ങളും, നേരം തെറ്റിയുള്ള ഭക്ഷണം കഴിക്കലും ഈ രോഗത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ട് അമിതമായ മധുര പലഹാരങ്ങളുടേയും, സംസ്കരിച്ച ഭക്ഷണ സാധങ്ങളുടെ ഉപയോഗവും പരമാവധി കുറയ്ക്കുക.
Comments