ടോക്കിയോ: ചൈനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക്പോംപിയോ. ക്വാഡ് ചതുര്രാഷ്ട്രസമ്മേളനത്തിലാണ് പോംപിയോ മേഖലയിലെ എല്ലാ അസ്വാരസ്യങ്ങള്‍ക്കും കാരണം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ആരോപണം ഉന്നയിച്ചത്. കൊറോണ വൈറസ് വ്യാപിപ്പിച്ച ചൈന എല്ലാ അതിര്ത്തിരാജ്യങ്ങളേയും പിണക്കുകയും ചൂഷണം ചെയ്യുകയുമാണ്. ഒപ്പം പെസഫിക് മേഖലയിലെ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന ചൈനക്കെതിരെ ശക്തമായ പ്രതിരോധം പെസഫിക് രാജ്യങ്ങള്‍ തീര്‍ക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു.
ജപ്പാന് വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മോറ്റേഗി അദ്ധ്യക്ഷത വഹിച്ചയോഗത്തിലാണ് ചതുര്‍രാഷ്ട്ര സഖ്യത്തിന്റെ സാദ്ധ്യതകളും വെല്ലുവിളികളേയുംപറ്റി പോംപിയോ അമേരിക്കയുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. ഇന്ത്യ-ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിന്റെ എല്ലാ കാരണക്കാരനും ചൈനയാണെന്ന് പോംപിയോ തെളിവുനിരത്തി. ഹിമാലയന്‍ രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനത്തെ അപലപിക്കാനും പോംപിയോ മറന്നില്ല.
അതിര്‍ത്തി രാജ്യങ്ങളിലെ ആഭ്യന്തര കലഹങ്ങള്‍ക്കും അതിര്‍ത്തികടന്നുള്ള ഭീകരതയ്ക്കും ചൈന നല്കുന്ന പിന്തുണയും പോംപിയോ ചൂണ്ടിക്കാട്ടി. തെക്കന്‍ ചൈനാ കടലിലും തായ്വാന് കടലിടുക്കിലും വിയറ്റ്നാം പ്രദേശത്തും ചൈനയുടെ നീക്കം നേരിട്ട് കണ്ടു ബോദ്ധ്യപ്പെട്ടു കഴിഞ്ഞെന്നും പോംപിയോ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൂഷണം, അഴിമതി, കടന്നുകയറ്റം എന്നിവയില്‍ നിന്ന് തങ്ങളുടെ സുഹൃദ് രാജ്യങ്ങളെ എന്തുവിലകൊടുത്തും സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പോംപിയോ ഉറപ്പുനല്‍കി.
Comments