ഇന്ന് തിയറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കുമ്പോൾ ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ കഥ പറയുന്ന സിനിമയാണ് ആദ്യമായി തിയേറ്ററുകളിൽ എത്തുക. വിവേക് ഒബ്രോയി ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയായി സ്ക്രീനിൽ എത്തുന്നത്.
പ്രധാനമന്ത്രി പദവിയിലേക്കുള്ള നരേന്ദ്രമോദിയുടെ ജൈത്രയാത്രയാണ് സിനിമയുടെ അടിസ്ഥാനം. 2019 മെയ് 24നാണ് ആദ്യമായി ഈ സിനിമ തിയേറ്ററുകളിൽ എത്തിയത്. ഇത്തവണ ജനങ്ങൾക്കിടയിൽ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കാൻ സിനിമക്ക് സാധിക്കുമെന്ന് പ്രൊഡ്യൂസർ സന്ദീപ് സിങ് പറയുന്നു
“2019ൽ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി ജി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭാരതത്തിലെ ഏറ്റവും കരുത്തേറിയ പ്രധാനമന്ത്രി അദ്ദേഹം തന്നെയാണെന്ന് തെളിയിക്കപ്പെട്ടു. നിരവധി ആളുകൾക്ക് പ്രചോദനം നൽകാൻ അദ്ദേഹത്തിന്റെ ജീവിതകഥയ്ക്ക് സാധിക്കും. ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. രാഷ്ട്രീയ ഇടപെടലുകൾ മൂലം 2019ൽ സ്വീകാര്യത ലഭിച്ചില്ല എങ്കിലും ഇത്തവണ കൂടുതൽ ജനങ്ങൾ സിനിമ കാണുമെന്ന് വിശ്വസിക്കുന്നു”, സിംഗ് പറയുന്നു.
ഒമുങ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന വിവേക് ഒബ്രോയിക്ക് പുറമെ ബോമൻ ഇറാനി, ദർശൻ കുമാർ, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, സെറീന വഹാബ് തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു.
സിനിമ വീണ്ടും തിയറ്ററുകളിൽ എത്തുമ്പോൾ ഒമുങ് കുമാറിന്റെ വാക്കുകളിൽ ആവേശം നിറയുന്നു. “തിയറ്ററുകൾ വീണ്ടും തുറക്കാൻ പോകുന്നു എന്നതും PM നരേന്ദ്രമോദി എന്ന സിനിമ വീണ്ടും റിലീസ് ചെയ്യാൻ പോകുന്നു എന്ന വാർത്തയും എനിക്കൊരുപാട് സന്തോഷം നൽകുന്നു. ഈ ഒരു സിനിമ നിരവധി പേരുടെ അധ്വാനഫലം ആണ്. ആദ്യം റിലീസ് ചെയ്തപ്പോൾ കാണാൻ സാധിക്കാത്തവർക്ക് വീണ്ടും കാണുവാൻ ഉള്ള അവസരം ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഞങ്ങളുടെ സിനിമ നിങ്ങൾ ഓരോരുത്തരും കാണുമെന്ന് വിശ്വസിക്കുന്നു.”, അദ്ദേഹം പറയുന്നു.
Comments