ബാഴ്സലോണ: ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ക്ലബ് വിടരുതായിരുന്നു എന്ന് ബാഴ്‌സലോണ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍. തനിക്ക് സുവാരസുമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സുവാരസ് നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹം നല്ല രീതിയില്‍ തന്നെയാണ് പരിശീലനം നടത്തിയത്. എന്നാല്‍ അതിനു ശേഷം ടീം വിടാനുള്ള തീരുമാനം എടുത്തു. നിങ്ങള്‍ ടീമിനൊപ്പം തുടര്‍ന്നാല്‍ എന്തായാലും സ്‌ക്വാഡിന്റെ ഭാഗമായിരിക്കുമെന്നാണ് ഞാനപ്പോള്‍ പറഞ്ഞത്. എന്റെ ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹം ബാഴ്‌സക്കൊപ്പം തുടരുകയായിരുന്നു വേണ്ടത്’. കൂമാന്‍ പറഞ്ഞു.
സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സുവാരസിന് ഇടം നേടുക അത്ര എളുപ്പമായിരുന്നില്ലെന്നും നിലവില്‍ കളിക്കുന്ന ടീമില്‍ യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നതെന്നും കൂമാന്‍ ചൂണ്ടിക്കാട്ടി. ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന് പരിശീലകന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സുവാരസ് അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്. ആറു വര്‍ഷത്തെ കരിയറില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ക്ലബ്ബിനെ സഹായിച്ചിട്ടുള്ള താരത്തോട് ബാഴ്സലോണ മര്യാദകേടാണ് കാണിച്ചതെന്ന് മെസിയടക്കമുള്ള താരങ്ങള്‍ തുറന്നടിക്കുകയും ചെയ്തിരുന്നു.















