കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൈ കഴുകൽ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ കൊറോണയെ തുരത്താൻ വെറുതെ കൈ കഴുകിയാൽ പോരാ, ഇരുകൈകളും കഴക്കുന്ന വരെ കുറഞ്ഞത് 20 സെക്കണ്ടെങ്കിലും വൃത്തിയായി കഴുകണം. സോപ്പോ, മറ്റ് സാനിറ്റൈസറുകളോ ഉപയോഗിച്ച് ശുദ്ധവെള്ളത്തിൽ വേണം കൈകൾ കഴുകാൻ. ശരിയായി കൈകൾ കഴുകാതെ എളുപ്പപ്പണി കാണിച്ചാൽ വൈറസ് ബാധ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നല്ല സമയമെടുത്തു വളരെ ശ്രദ്ധയോടെ വേണം ഇരു കൈകളും കഴുകാൻ.
കൈകൾ കഴുകുമ്പോൾ കൈവിരലുകളെ മറക്കരുത്. പ്രത്യേകിച്ചും നഖമുള്ള ഭാഗങ്ങൾ പല പ്രാവിശ്യം വൃത്തിയായി കഴുകണം. അതുപോലെ കഴുകി കഴിഞ്ഞ ഉടൻ തന്നെ ആരെയും സ്പർശിക്കാൻ നിൽക്കരുത്. പകരം നനഞ്ഞ കൈ അണുവിമുക്തമാക്കിയ ടവ്വലിലോ, ടിഷ്യുവിലോ തുടച്ച് ഈർപ്പം കളയുക. സോപ്പ് തന്നെയാണ് വൈറസ് തുരത്താൻ ശക്തനായിട്ടുള്ളത്. സോപ്പ് എന്ന് പറയുമ്പോൾ വലിയ വില കൂടിയ സോപ്പൊന്നും ആവശ്യമില്ല സാധാരണ തുണിയെല്ലാം അലക്കുന്ന ബാർ സോപ്പ് ആയാലും മതി. പക്ഷെ ഒരു ദിവസം ഒരുപാട് പ്രാവിശ്യം സോപ്പ് ഉപയോഗിച്ച് ഇരുകൈകളും കഴുകണമെന്നുള്ളത് നിർബന്ധമാണ്.
ആഹാരം പാചകം ചെയ്യുന്നതിനും, കഴിക്കുന്നതിനും മുൻപും ശേഷവും നിർബന്ധമായി കൈകൾ വൃത്തിയാക്കണം. പുറത്തുനിന്നു കൊണ്ടുവരുന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും കൈകാര്യം ചെയ്യുമ്പോഴും കൈകൾ കഴുകണം. ബസിൽ യാത്ര ചെയ്യുമ്പോൾ, പുറത്തു കടകളിലോ, ഓഫീസുകളിലോ പോകുമ്പോൾ കൈകൾ വൃത്തിയായി സൂക്ഷിക്കുക. ശരിയായി വൃത്തിയാക്കാതെ കൈകൾ കൊണ്ട് ഒരിക്കലും കണ്ണിലോ, മൂക്കിലോ, വായിലോ സ്പർശിക്കരുത്. അതുപോലെ മാസ്ക് ധരിക്കുന്നതിനും മുൻപും ശേഷവും കൈകൾ കഴുകുക. പ്രത്യേകിച്ചും മാസ്ക് ധരിച്ചതിന്റെ പുറം ഭാഗം സ്പര്ശിക്കുകയോ മറ്റോ ചെയ്താൽ.















