ലോകം മുഴുവൻ നിലനിൽക്കുന്ന ഒരാശങ്കയാണ് ഭക്ഷണം പാഴായി പോകുന്നത് .നിരവധി പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത് ഭക്ഷണം പാഴാക്കുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകമെമ്പാടുമുള്ള ഭക്ഷ്യ വിതരണത്തിനായി ഗണ്യമായ തുക ചെലവഴിക്കുന്നുവെന്നും ആണ്.
യുഎൻ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന മൂന്നിലൊന്ന് ഭക്ഷണം അതായത് പ്രതിവർഷം 1.3 ബില്യൺ ടൺ ഭക്ഷണം പാഴാക്കുന്നു എന്നാണ് . ഭക്ഷണം പാഴാക്കുന്നത് മൂലം സാമ്പത്തിക പ്രശ്നങ്ങൾ മാത്രമല്ല പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകുന്നു .
അതിനാൽ തന്നെ ഭക്ഷണം പാഴാക്കുന്നത് കുറക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമായ കാര്യമാണ് . പ്രായോഗികമായ രീതിയിൽ ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നത് തൊട്ട് ഭക്ഷണത്തോട് നാം കാണിക്കേണ്ട ബഹുമാനം വരെ , ഭക്ഷണം പാഴാക്കാതിരിക്കാനുള്ള മാർഗ്ഗത്തിൽ ഉൾപ്പെടുത്താം .
നമ്മൾ പാത്രത്തിലേക്ക് കഴിക്കാനായി വിളമ്പി എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് നാം ബോധവാനായിരിക്കണം . നമ്മുക്ക് ആവശ്യമുള്ളത് മാത്രം വിളമ്പി എടുത്താൽ , ഭക്ഷണം പാഴാക്കാതെ ഇരിക്കാൻ സാധിക്കും .
എല്ലാവരും കഴിച്ചതിന് ശേഷം ബാക്കി വരുന്ന ഭക്ഷണം , പുതിയ രുചികളാക്കി വിളമ്പാൻ ശ്രമിക്കുക . മിച്ചം വരുന്ന ഭക്ഷണം കൊണ്ടുണ്ടാകാവുന്ന പല വിഭവങ്ങളുടെയും പാചകക്കുറിപ്പുകൾ ഇന്ന് സുലഭമാണ് . അതിനാൽ തന്നെ ഇത് പ്രായോഗികമല്ലാത്ത ഒന്നല്ല . ഈ വഴിയും ഭക്ഷണം പാഴാകാതിരിക്കാൻ നമ്മളെ സഹായിക്കും .
ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ കടയിലേക്ക് പോകും മുൻപ് വീട്ടിൽ എന്തൊക്കെ ഇരിപ്പുണ്ട് എന്ന് നോക്കി വേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി അതുമായി കടയിലേക്ക് പോവുകയാണെങ്കിൽ അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടുന്നത് ഒഴിവാക്കാൻ സാധിക്കും .
പലരും ഫ്രിഡ്ജ് ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ അല്ല . എല്ലാ ഭക്ഷ്യ വസ്തുക്കൾക്കും കാലാവധി ഉണ്ട് . അതിനാൽ അവ ഫ്രിഡ്ജിൽ ഇരുന്നാലും കേടാക്കേണ്ട സമയത്ത് കേടാവുക തന്നെ ചെയ്യും . അതിനാൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ആവശ്യത്തിന് മാത്രം ഉണ്ടാക്കാൻ ശ്രദ്ധിക്കുക . ബാക്കി വരുന്നവ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ , ഫ്രിഡ്ജിന്റെ താപനില അതനുസരിച്ചു ക്രമീകരിക്കേണ്ടത് അനിവാര്യമാണ് . കൂടാതെ ഫ്രിഡ്ജിൽ ആദ്യം വെച്ച വസ്തു ആദ്യം എടുത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക . ഇത്തരത്തിൽ ഉള്ള ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഭക്ഷണം പാഴാക്കുന്നത് ഒരു പരിധി വരെ കുറക്കാൻ സാധിക്കും .
വീട്ടിൽ തന്നെ ഒരു കമ്പോസ്റ്റ് കുഴിയുണ്ടാക്കിയാൽ പാഴാക്കി കളയുന്ന ഭക്ഷ്യ വസ്തുക്കളെ നല്ല വളമാക്കി മാറ്റാൻ സാധിക്കും .















