ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദ്വിതല ഉന്നത സമിതിയോഗം ഈ മാസം നടക്കും. ഒക്ടോബര്‍ 26-27 തിയതികളിലാണ് യോഗം നടക്കാനിരി ക്കുന്നത്. വിദേശകാര്യമന്ത്രിമാരും പ്രതിരോധമന്ത്രിമാരുമാണ് ദ്വിതല യോഗത്തില്‍ പങ്കെടുക്കുന്നത്. വകുപ്പുകളുടെ ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ അറിയിച്ചു.
ക്വാഡ് സമ്മേളനത്തിന് ശേഷം ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് യോഗം എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം ചൈനയോടുള്ള അമേരിക്കയുടെ ശക്തമായ എതിര്‍പ്പും പെസഫിക് മേഖലയിലെ അമേരിക്കയുടെ സജീവമായ ഇടപെടലുകളും ഇന്ത്യ-അമേരിക്ക ചര്‍ച്ചയെ ഏറെ നിര്‍ണ്ണായകമാക്കും.
ഇന്ത്യയുടെ അതിര്‍ത്തിയിലെ പ്രശ്നത്തില്‍ ഇടപെടാമെന്ന അമേരിക്കയുടെ വാഗ്ദ്ദാനത്തിന് ഇതുവരെ ഇന്ത്യ പച്ചക്കൊടി കാണിച്ചിട്ടില്ല. എന്നാല്‍ അതിര്‍ത്തി രാജ്യങ്ങളായ ബംഗ്ലാദേശിലും ശ്രീലങ്കയിലും ടിബറ്റ് വിഷയത്തിലും മൈക്ക് പോംപിയോ എടുത്തിരിക്കുന്ന സഹായകരമായ നിലപാടുകളെ ഇന്ത്യ അംഗീകരിച്ചതും ചര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. ഇതിനൊപ്പം അഫ്ഗാനിലെ സമാധാന പരിശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ സജീവപങ്കാളിത്തം രണ്ടുവര്‍ഷമായി അമേരിക്ക ആവശ്യപ്പെടുന്ന ഒരു സഹായമാണ്.
നടക്കാനിരിക്കുന്ന യോഗത്തിലെ അജണ്ടകള്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ദ്ധന് ഷ്രിംഗ്ലയും അമേരിക്കന്‍ ഡെപ്യൂട്ടീ സെക്രട്ടറി സ്റ്റീഫന്‍ ബീഗനും ചര്‍ച്ചചെയ്തു.
Comments