ബംഗളൂരു : പ്രതിരോധ മേഖലയിൽ വീണ്ടും വിജയക്കൊടി പാറിച്ച് ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ നാവിക സേനയുടെ മാരക ശേഷിയുള്ള യുദ്ധക്കപ്പലായ ഐ.എൻ.എസ് ചെന്നൈയിൽ നിന്നുമായിരുന്നു മിസൈൽ പരീക്ഷിച്ചത്.
ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം ഡിആർഡിഒയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പരീക്ഷണത്തിൽ അറേബ്യൻ കടലിൽ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡിആർഡിഒ വ്യക്തമാക്കി.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്. അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ തദ്ദേശീയമായി വികസിപ്പിച്ച ബൂസ്റ്റർ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി വികസിപ്പിച്ച ഐ.എൻ.എസ് ചെന്നൈയിൽ വെച്ച് മിസൈൽ പരീക്ഷിക്കുന്നത്. ബൂസ്റ്റർ ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ 400 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യം ഭേദിച്ചാണ് മിസൈൽ വിജയം കൈവരിച്ചത്.















