മിലാന്: ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിയ്ക്കും എ.സി.മിലാനും ജയം. യുവന്റസിനെ ക്രോട്ടോണെ സമനിലയില്‍ തളച്ചു. നാപ്പോളി അത്ലാന്റാ സൂപ്പര്‍ പോരാട്ടത്തില്‍ നാപ്പോളി 4-1ന് ജയിച്ചപ്പോള്‍ മിലാനിലെ ക്ലബ്ബുകളുടെ പോരാട്ടത്തില്‍ ജയം എ.സി.മിലാനൊപ്പമായിരുന്നു. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ലാസിയോയെ സാംപദോറിയ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ ക്രോട്ടോണെ 1-1ന് പിടിച്ചുകെട്ടി.
അത്ലാന്റയ്ക്കെതിരെ ലൊസാനോയുടെ ഇരട്ടഗോളുകളുടെ മികവിലാണ് നാപ്പോളി ജയിച്ചത്. 23, 27 മിനിറ്റുകളില്‍ ലൊസാനോ കളംനിറഞ്ഞു. 30-ാം മിനിറ്റില്‍ പോളീറ്റാനോയും 43-ാം മിനിറ്റില്‍ വിക്ടറും നാപ്പോളിക്കായി ഗോള്‍ നേടി. അത്ലാന്റയ്ക്കായി 69-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടിയത് സാം ലാമേഴ്സാണ്.
എസി.മിലാന് ജയം സമ്മാനിച്ചത് സ്ലാതന്‍ ഇബ്രഹിമോവിച്ചിന്റെ ഇരട്ട ഗോളുകളാണ്. 13, 16 മിനിറ്റുകളില്‍ തന്നെ ഇബ്രഹിമോവിച്ച് ഗോളുകളടിച്ചു. മറുപടിയായി 29-ാം മിനിറ്റില്‍ ഇന്റര്‍ മിലാന് വേണ്ടി റൊമേലൂ ലൂകാകുവാണ് ഏക ഗോള്‍ നേടിയത്.
യുവന്റസിനെ ഗോളടിക്കാന്‍ സമ്മതിക്കാതെ മികച്ച പ്രതിരോധം തീര്‍ത്താണ് ക്രോട്ടോണെ തിളങ്ങിയത്. കളിയുടെ ആദ്യ മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി സിമിയോണ്‍ ക്രോട്ടോണയെ മുന്നിലെത്തിച്ചു. എന്നാല്‍ 9 മിനിറ്റിനുള്ളില്‍ ആല്വാരോയിലൂടെ യുവന്റസ് സമനില പിടിച്ചു. ഇതിനിടെ 60-ാം മിനിറ്റില്‍ ഫെഡെറീകോയ്ക്ക് ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നത് ക്ഷീണമായി.
സാംപദോറിയ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലാസിയോയെ തകര്‍ത്തത്. ഫാബിയോ ക്വഗ്ലിയാരേല, ഔഗിലോ, മിക്കേല്‍ ഡാംസ്ഗാര്‍ഡ് എന്നിവരാണ് സാംപദോറിയക്കായി ഗോളുകള്‍ നേടിയത്.
Comments