ന്യൂഡൽഹി : ഇന്ത്യ – ചൈന അതിർത്തിയിൽ പിടിയിലായ ചൈനീസ് സൈനികനെ ഉടൻ വിട്ടയ്‌ക്കില്ല . ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് (പിഎൽഎ) തിരികെ കൈമാറുന്നതിന് മുമ്പ് ഇയാളെ പ്രതിരോധ വിദഗ്ധർ ചോദ്യം ചെയ്യുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
സൈനികന് ഓക്സിജൻ, ഭക്ഷണം, പരുത്തി വസ്ത്രങ്ങൾ എന്നിവയും, വൈദ്യസഹായവും ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ട്. സൈനികൻ എവിടെയാണെന്ന് ചൈനീസ് സൈന്യം തിരക്കിയതായും, അദ്ദേഹത്തെ ചുഷുൽ-മോൾഡോ മീറ്റിംഗ് പോയിന്റിൽ വച്ച് തിരിച്ചയക്കുമെന്ന് അറിയിച്ചുവെന്നും സൈന്യം വ്യക്തമാക്കി .
പിടിക്കപ്പെടുമ്പോൾ സൈനികൻ സിവിൽ, സൈനിക രേഖകൾ കൈവശം വച്ചിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാമെങ്കിലും രേഖകൾ കണ്ടെത്തിയ സ്ഥിതിയ്‌ക്ക് ഇയാളെ ചോദ്യം ചെയ്യലിനു വിധേയമാക്കാനാണ് ഇന്ത്യയുടെ തീരുമാനം.
അതിനു ശേഷം രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഇയാളെ അതിർത്തി കടത്തി വിടും .മേയ് മുതൽ നിയന്ത്രണരേഖയിൽ ഇന്ത്യ – ചൈന സൈനികർ തമ്മിൽ സംഘര്‍ഷം നിലനിൽക്കുകയാണ്. ജൂണിൽ ഗൽവാൻ താഴ്‌വരയിൽ ഇരു വിഭാഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിൽ പാംഗോങ്ങിൽനിന്ന് പിൻവാങ്ങുന്നതായി ചൈന അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ അവർ അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയിരുന്നു.















