ടൂറിന്‍: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ടാം കൊറോണ പരിശോധന ഫലവും പോസിറ്റീവ്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ക്വാറന്റെയ്നില്‍ പ്രവേശിച്ചത്.
കൊറോണ ബാധിച്ചതോടെ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇതോടെ സ്വീഡനെതിരായ മത്സരവും ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് വേണ്ടി ഡൈനാമോ കെയ്‌വിനെതിരായ മത്സരവും അദ്ദേഹത്തിന് നഷ്ടമായിരുന്നു. വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത ആഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുമായുള്ള നിര്‍ണായക മത്സരത്തില്‍ റൊണാള്‍ഡോയ്‌ക്ക് കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരിശോധന ഫലം നെഗറ്റീവായാല്‍ തന്നെ യുവേഫയുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് റൊണാള്‍ഡോയ്‌ക്ക് 10 ദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഒക്ടോബര്‍ 13നാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. താരത്തിന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല.















