ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. അമര്‍നാഥ് തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുന്നതിനിടെയാണ് ഷോപ്പിയാനിലെ ചാന്‍പോര, സെയ്ദ്‌പോര, അംഷിപോര മേഖലകള്‍ കേന്ദ്രീകരിച്ച് സുരക്ഷാസേന വ്യാപക പരിശോധന ആരംഭിച്ചത്.
പ്രദേശം വളഞ്ഞ് പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിക്കുകയും പ്രദേശം ഏറ്റുമുട്ടല്‍ മേഖലയായി മാറുകയും ചെയ്തു. ജനവാസ മേഖലകളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാല്‍ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള എല്ലാ പ്രവേശന മാര്‍ഗങ്ങളും അടച്ച് കര്‍ശന സുരക്ഷാ വളയം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടാകാമെന്ന നിഗമനത്തെ തുടര്‍ന്ന് അധിക സൈനികരെയും സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. തിരച്ചിലും ഏറ്റുമുട്ടലും തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അമര്‍നാഥ് യാത്ര ലക്ഷ്യമിട്ട് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ ചെറുക്കുന്നതിനായി അതിര്‍ത്തി മേഖലകളിലും അതീവ ജാഗ്രത തുടരുകയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.















