ന്യൂഡൽഹി : ഇന്ത്യൻ പ്രതിരോധ മേഖലയിൽ തുടർച്ചയായി നേട്ടങ്ങൾ കൊയ്ത് ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പലായ ഐഎൻഎസ് പ്രബലിൽ നിന്നും വിക്ഷേപിച്ച കപ്പൽ വേധ മിസൈൽ ലക്ഷ്യം തകർത്തു. അറബിക്കടലിൽവെച്ചായിരുന്നു ഐഎൻഎസ് പ്രഭാലിൽ നിന്നും മിസൈൽ വിക്ഷേപിച്ചത്.
സൈനിക പരിശീലനത്തിന്റെ ഭാഗമായിരുന്നു കപ്പലിൽ നിന്നുള്ള മിസൈലിന്റെ വിക്ഷേപണം. പരമാവധി അകലത്തിൽ സ്ഥാപിച്ച പഴയ കപ്പൽ മിസൈൽ കൃത്യതയോടെ തകർത്തു. മിസൈൽ ലക്ഷ്യം തകർക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ നാവിക സേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
മുംബൈ ആസ്ഥാനാമാക്കി പ്രവർത്തിക്കുന്ന മസ്‌ഗോൺ ഡോക്ക് ലിമിറ്റഡാണ് ഐഎൻഎസ് പ്രബൽ നിർമ്മിച്ചത്. കപ്പൽ 2002ൽ ഔദ്യോഗികമായി ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി.
രണ്ട് ദിവസങ്ങൾക്ക് മുൻപ് ഐഎൻഎസ് ചെന്നൈയിൽ നിന്നും സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎൻഎസ് പ്രബലിൽ നിന്നും മിസൈൽ വിക്ഷേപിച്ചത്. തുടർച്ചയായ പരീക്ഷണങ്ങളിലൂടെ പ്രതിരോധ മേഖലയുടെ കരുത്ത് ഉയർത്തുകയാണ് ഇന്ത്യ.
കഴിഞ്ഞ ഏതാനും ആഴ്ചകളായ 13 മിസൈലുകളുടെ പരീക്ഷണമാണ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. ലഡാക്ക് അതിർത്തിയിൽ ചൈനയുമായി സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പ്രതിരോധ മേഖലയിൽ തുടർച്ചയായി വിജയം കൈവരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.















