ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നാണംകെട്ട തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്‌ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇഷന്‍ കിഷന്റെയും ട്രെന്‍ഡ് ബോള്‍ട്ടിന്റെയും പ്രകടനമാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്.
പവര്‍ പ്ലേയില്‍ 5 വിക്കറ്റാണ് ചെന്നൈയ്‌ക്ക് നഷ്ടമായത്. ഐപിഎല്ലില്‍ തന്നെ ആദ്യമായാണ് പവര്‍ പ്ലെയില്‍ ഒരു ടീമിന് 5 വിക്കറ്റുകള്‍ നഷ്ടമാകുന്നത്. രാഹുല്‍ ഗെയ്ക്വാദ്(0), ഫാഫ് ഡുപ്ലസി(1), അമ്പാട്ടി റായ്ഡു(2), നാരായണ്‍ ജഗദീശന്‍(0), രവീന്ദ്ര ജഡേജ(7) എന്നിവരാണ് ആദ്യം തന്നെ കൂടാരം കയറിയത്. നായകന്‍ മഹേന്ദ്ര സിംഗ് ധോണി 16 റണ്‍സുമായി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. എന്നാല്‍ പോരാട്ടം ഏറ്റെടുത്ത് സാം കറന്‍ അര്‍ദ്ധ സെഞ്ച്വറി(52) കുറിച്ചു. സാം കറന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ ചെന്നൈയുടെ സ്‌കോര്‍ 100 കടക്കില്ലായിരുന്നു.
ട്രെന്‍ഡ് ബോള്‍ട്ടിന്റെ ആദ്യ ഓവറുകളിലാണ് ചെന്നൈയ്‌ക്ക് അടിപതറിയത്. 4 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബോള്‍ട്ട് 4 വിക്കറ്റുകള്‍ വീഴ്‌ത്തി. ജസ്പ്രീത് ബൂമ്ര, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നഥാന്‍ കൂട്ടര്‍നൈല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ മുംബൈക്കു വേണ്ടി ക്വിന്റണ്‍ ഡീകോക്കും ഇഷന്‍ കിഷനുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ഡീകോക്ക് 37 പന്തില്‍ 46 റണ്‍സ് നേടി. 6 ബൗണ്ടറികളും 5 സിക്‌സറുകളും പറത്തിയ ഇഷന്‍ കിഷന്‍ 37 പന്തില്‍ 68 റണ്‍സ് നേടി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തിയപ്പോള്‍ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.















