പ്രകൃതി ഭംഗി ഏറെയുള്ള എന്നാല്‍ അധികം ആരും എത്തിപ്പെടാത്ത ഒരുപാട് നല്ല സ്ഥലങ്ങള്‍ നമ്മുടെ കേരളത്തില്‍ ഉണ്ട്. അതിലൊന്നാണ് എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വടാട്ടുപാറ. എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കില്‍ കുട്ടമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണിത്. ഗ്രാമ്യ സൗന്ദര്യത്തിന്റെ റാണി എന്നറിയപ്പെടുന്ന വടാട്ടുപാറ ഗ്രാമം അധികം പ്രശസ്തി നേടിയിട്ടില്ലെങ്കിലും എറണാകുളം ജില്ലയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി അറിയപ്പെടുന്നു. വടാട്ടുപ്പാറയിലെ പ്രകൃതി സൗന്ദര്യവും വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളും തുടങ്ങി ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ലഭിക്കുന്ന പുത്തന്‍ അനുഭവങ്ങള്‍ വളരെ വലുതാണ്.
പെരിയാറിന്റെ വശ്യമനോഹാരിത കൊണ്ട് സമ്പുഷ്ടമാണ് വടാട്ടുപാറ ഗ്രാമം. ഏഷ്യന്‍ ആന, ബംഗാള്‍ കടുവ, ചാമ്പല്‍ മലയണ്ണാന് തുടങ്ങിയ വന്യ മൃഗങ്ങളെ ഇവിടെയുള്ള വനമേഖലകളില്‍ കണ്ടു വരുന്നു. അതുകൊണ്ടു തന്നെ ഇതു വഴി യാത്ര ചെയ്യുമ്പോള്‍ വളരെയേറ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാട്ടുമൃഗങ്ങളും കാട്ടാനക്കൂട്ടങ്ങളും എപ്പോഴാണ് വഴിമുടക്കുക എന്നു പറയാന്‍ സാധിക്കുകയില്ല.
വടാട്ടുപാറ എന്ന ഈ കൊച്ചു ഗ്രാമത്തിലേക്ക് അധികമാരും വന്നിട്ടില്ലെങ്കിലും ചില സിനിമകളിലൂടെ ഇവിടം നമ്മുക്ക് പരിചിതമാണ്. പുലിമുരുകന്, ശിക്കാര്‍, ശിക്കാരി ശംഭു, അശ്വാരൂഢന്, ഒരു പഴയ ബോംബ് കഥ എന്നീ സിനിമകള്‍ ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്. പ്രശസ്തമായ ഇടമലയാര്‍ ഡാം സ്ഥിതി ചെയ്യുന്നത് വടാട്ടുപാറ ഗ്രാമത്തിനു അടുത്തയിട്ടാണ്. കൂടാതെ തട്ടേക്കാട്, ഭൂതത്താന്‍കെട്ട് എന്നിവിടങ്ങളിലേയ്ക്ക് അധികം ദൂരമില്ല. വലിയപാറ, പിണ്ടിമന, കാവലങ്ങാട്, അയ്യമ്പുഴ, ഇസ്റ്റ് കുത്തുകുഴി, എന്നിവയാണ് വടാട്ടുപാറയുടെ സമീപ ഗ്രാമങ്ങള്‍.
Comments