തിരുവനന്തപുരം : ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ് കേസിൽ എം സി കമറുദ്ദീൻ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ . ‘പടച്ചവൻ വലിയവനാണ്. ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്നായിരുന്നു പച്ച പശ്ചാത്തലത്തിൽ മന്ത്രിയുടെ കുറിപ്പ്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും പ്രോട്ടോക്കോൾ ലംഘനക്കേസിലും തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന മുസ്ലീം ലീഗിനെ ലക്ഷ്യമിട്ടാണ് ജലീലിന്റെ പ്രതികരണം.
തൃക്കരിപ്പൂർ ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് തൃക്കരിപ്പൂർ ചന്തേര പോലീസ് സ്റ്റേഷനിൽ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്വർണ്ണ നിക്ഷേപത്തിന്റെ പേരിൽ 15 കോടി രൂപയുടെ തട്ടിപ്പാണ് കമറുദ്ദീൻ നടത്തിയിരിക്കുന്നത്. സംഭവത്തിൽ 100 ലേറെ വഞ്ചനാ കേസുകൾ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സെപ്തംബറിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ആദ്യ കേസ് എടുത്ത് രണ്ടര മാസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടാകുന്നത്. അതേ സമയം അറസ്റ്റിൽ ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
Comments