മലപ്പുറം: പൊന്നാനിയില്‍ തദ്ദേശ തെരഞ്ഞടുപ്പിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം സിപിഎം-സിപിഐ തെരുവ് പോരിലെത്തി. പൊന്നാനി വെളിയങ്കോടാണ് സംഭവം. സിപിഐ പ്രവര്ത്തകന് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഐ ആരോപിച്ചു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രത്യക്ഷ അക്രമത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം. അക്രമികളെ കണ്ടാല്‍ അറിയാമെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ ഉണ്ടായിരുന്നെന്നും ബാലന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫ്ളക്സ് ബോര്‍ഡിന് മുന്പില് കൊടി ഉയര്‍ത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഉന്തിലും തളളിലും വീണ് പരിക്കേറ്റതാണെന്ന വിശദീകരണമാണ് സിപിഎം പ്രാദേശിക നേതൃത്വം നല്‍കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമായ അക്രമം ഉണ്ടായത്.
Comments