ദോഹ: വിദേശ തൊഴിലാളുകളുടെ റിക്രൂട്മെന്റ് നടപടികള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വിദേശികൾക്ക് പുതിയ വിസ ലഭിക്കാന്‍ വഴി തെളിക്കുന്നതാണ് പുതിയ തീരുമാനം. ശമ്പളം നൽകാനുള്ള കമ്പനിയുടെ കഴിവും ജീവനക്കാർക്കുള്ള താമസ സൗകര്യവും പരിഗണിച്ചാവും പുതിയ വിസ അപേക്ഷകള്‍ പരിഗണിക്കുകയെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ പ്രതിസന്ധിക്കിടെ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയ കമ്പനികളുടെ പുതിയ വിസ അപേക്ഷകള്‍ അനുവദിക്കാന്‍ ഇടയില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുതിയ തൊഴിലാളികളുടെ റിക്രൂട്മെന്റ് ആരോഗ്യ മന്ത്രാലയത്തിന്റെയും മറ്റും നിർദേശങ്ങൾക്ക് കൂടി വിധേയമായിരിക്കുമെന്നും സൂചനയുണ്ട്. ഒഴിവുകളുണ്ടായിട്ടും പുതിയ തൊഴിലാളികളെ റിക്രൂട് ചെയ്യാനാവാതെ ബുദ്ധിമുട്ടിലായ കമ്പനികൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ ആശ്വാസമേകും.
Comments