നെതർലാൻഡ്: പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് സ്‌പോർട്‌സ് കാറുകളെ പോലും തോൽപ്പിക്കുന്ന സ്റ്റൈലൻ ഇലക്ട്രിക് കാർ നിർമ്മിച്ച് വിദ്യാർത്ഥികൾ. നെതർലാൻഡിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് പ്ലാസിറ്റിക് കുപ്പികളും പാഴ്‌വസ്തുക്കളും ഉപയോഗിച്ച് കാർ നിർമ്മിച്ചിരിക്കുന്നത്.
ലൂക്ക എന്നാണ് ഈ കാറിന് വിദ്യാർത്ഥികൾ പേര് നൽകിയിരിക്കുന്നത്. മഞ്ഞ നിറത്തിൽ സ്‌പോർട്ട്‌സ് കാറിന്റെ രൂപഭംഗിയിലൊരുങ്ങിയ വാഹനം ഒരു അത്ഭുത കാഴച്ച തന്നെയാണ് കാഴ്‌ച്ചക്കാർ അഭിപ്രായപ്പെടുന്നത്. 22 വിദ്യാർത്ഥികൾ 18 മാസം കൊണ്ടാണ് ലൂക്ക എന്ന വാഹനം നിർമ്മിച്ചിരിക്കുന്നത്.
മണിക്കൂറിൽ 90 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത. ഒറ്റത്തവണ ചാർജ് ചെയ്താൽ 220 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാൻ ലൂക്കയ്‌ക്ക് സാധിക്കും. കടലിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ അകത്തളത്തിൽ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. തേങ്ങയുടെ ചകിരി നാരുകളും കുതിരയുടെ രോമവും ഉപയോഗിച്ചാണ് സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. രണ്ടു പേർക്കാണ് വാഹനത്തിൽ സഞ്ചരിക്കാൻ കഴിയുക.















