ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ലക്ഷ്മി പൂജ നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വൈകീട്ട് അക്ഷർധാം ക്ഷേത്രത്തിലെത്തിയാണ് പൂജ നടത്തിയത്. അദ്ദേഹത്തിനൊപ്പം സഹമന്ത്രിമാരും പൂജയിൽ പങ്കെടുത്തു.
ഭാര്യയ്ക്കൊപ്പമാണ് കെജ്രിവാൾ പൂജയിൽ പങ്കെടുക്കാൻ അക്ഷർധാമിലെത്തിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അദ്ദേഹത്തിന്റെ ഭാര്യയ്ക്കൊപ്പം ലക്ഷ്മീ പൂജ നടത്തി. ഏഴരയോടെ ആരംഭിച്ച ലക്ഷ്മി പൂജയുടെ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്തു. പൂജയുടെ ദൃശ്യങ്ങൾ കെജ്രിവാൾ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ദീപാവലി ദിനത്തിൽ അക്ഷർധാമിലെത്തി ലക്ഷ്മീ പൂജ നടത്തുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. പൂജയിൽ വെർച്വലായി പങ്കെടുക്കാൻ കെജ്രിവാൾ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൊറോണയുടെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ ജാഗ്രതയോടെയാണ് ഡൽഹിയിലെ ജനങ്ങൾ ദീപാവലി ആഘോഷിച്ചത്. ദീപാവലി പ്രമാണിച്ച് പടക്കങ്ങൾ പൊട്ടിക്കരുതെന്ന് കെജ്രിവാൾ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
Comments