ശ്രീരാമ ഭഗവാന്റെ ഏറ്റവും അടുത്ത ഭക്തനാണ് ആഞ്ജനേയ സ്വാമി. അതുകൊണ്ട് തന്നെ ശ്രീരാമ ഭഗവാനെ ആരാധിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ആഞ്ജനേയ പ്രീതിക്ക് വളരെ ഉത്തമമാണെന്നും പറയാറുണ്ട്. ആഞ്ജനേയ സ്വാമിയ്‌ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് വെറ്റില മാല. കാര്യതടസ്സം നീങ്ങി കിട്ടാനും ഫലസിദ്ധിയ്‌ക്കു വേണ്ടിയും ദോഷങ്ങള്‍ മാറുന്നതിനുമെല്ലാം ആളുകള്‍ ആഞ്ജനേയ സ്വാമിയ്ക്ക് വെറ്റില മാല സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഈ വെറ്റില മാല ആഞ്ജനേയ സ്വാമിയ്‌ക്ക് ഇത്രയും പ്രിയപ്പെട്ടതാകാന്‍ ഒരു കാരണമുണ്ട്. ശ്രീരാമ ഭഗവാന്‍ യുദ്ധത്തില്‍ വിജയം കൈവരിച്ചപ്പോള്‍ ശ്രീരാമന്റെ വിജയ വാര്‍ത്ത ആദ്യമായി സീതാ ദേവിയെ അറിയിച്ചത് ആഞ്ജനേയ സ്വാമിയാണ്.
ശ്രീരാമ ഭഗവാന്റെ വിജയം അറിഞ്ഞ് സന്തോഷവതിയായ സീതാദേവി തൊട്ടടുത്തുള്ള വെറ്റില പറിച്ച് അതുകൊണ്ട് ഒരു ഹാരം ഉണ്ടാക്കി ആഞ്ജനേയ സ്വാമിയെ അണിയിച്ചു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ആഞ്ജനേയ സ്വാമി ഇഷ്ടപ്പെട്ട ഒന്നായി മാറി വെറ്റില മാല. ആഞ്ജനേയ സ്വാമിയ്ക്ക് വെറ്റില മാല സമര്‍പ്പിച്ചാല്‍ കാര്യ വിജയം ഉറപ്പാണ് എന്നാണ് വിശ്വാസം. മിക്ക ക്ഷേത്രങ്ങളിലും തുളസിമാലയും ഭഗവാന് ചാര്‍ത്താറുണ്ട്.
കൂടാതെ ഭഗവാന്റെ പാദ പൂജ നടത്താനും കൂടുതലായി ഉപയോഗിക്കുന്ന ഒരു പവിത്രമായ സസ്യമാണ് തുളസി. എന്നാല്‍ ആഞ്ജനേയ സ്വാമിയ്‌ക്ക് തുളസി കൊണ്ട് പാദപൂജ നടത്തിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു. ആഞ്ജനേയ സ്വാമിയുടെ കോപത്തിനും ഇടയാക്കുകയും ചെയ്യുന്നു. സീത ദേവിയ്‌ക്കു സമമായാണ് ലക്ഷ്മീ ദേവിയേയും ആഞ്ജനേയ സ്വാമി കാണുന്നത്. അതുകൊണ്ട് തന്നെ ലക്ഷ്മീ വാസമുളള തുളസി കൊണ്ട് പാദപൂജ നടത്തുന്നത് ആഞ്ജനേയ സ്വാമിയുടെ കോപത്തിനു കാരണമാകുന്നു.
Comments