മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പര തുടങ്ങും മുന്നേ ടീം ഇന്ത്യയ്‌ക്ക് കഷ്ടകാലം. ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളായ രോഹിത് ശര്‍മ്മയ്‌ക്കും ഇഷാന്ത് ശര്‍മ്മയ്‌ക്കും ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കും കളിക്കാനാകില്ലെന്നാണ് ബി.സി.സി.ഐ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കിന് ശേഷമുള്ള ആരോഗ്യനില വീണ്ടെടുത്തിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ദേശീയ ക്രിക്കറ്റ് അക്കാദമി നല്‍കിയത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ രോഹിതും ഇഷാന്തും ഇന്ത്യയുടെ അനിവാര്യതാരങ്ങളാണെന്നതും ടീമിനെ കുഴയ്‌ക്കുകയാണ്. രോഹിതിന് പകരമായി ശ്രേയസ്സ് അയ്യരെ പരിഗണിക്കുമെന്നാണ് സൂചന. ഇഷാന്തിന് പകരം റിസർവ്വിലുള്ള മൂന്ന് ബൗളർമാരായ കാർത്തിക് ത്യാഗി, കമലേഷ് നാഗർകോട്ടി, ഇഷാൻ പോറാൽ എന്നിവരിൽ ഒരാളെ എടുക്കുമെന്നാണറിവ്.
പരിക്കില്‍ നിന്നും ഭേദമായെങ്കിലും നാല് ആഴ്ചയെങ്കിലും മികച്ച പരിശീലനം നടത്തിയാല്‍ മാത്രമേ ടെസ്റ്റ് മത്സരത്തിനായുള്ള ശാരീരിക ക്ഷമത ഇഷാന്തിന് വീണ്ടെടുക്കാനാകൂ. ഓസ്‌ട്രേലിയയിലെത്തിയാല്‍ 14 ദിവസം നിര്‍ബന്ധന ക്വാറന്റൈൻ വേണമെന്നത് പരിശീലനത്തിന് തടസ്സമാകും. ഇനി ഇഷാന്തിന് ഏക പ്രതീക്ഷ ജനുവരി 7നുളള മൂന്നാം ടെസ്റ്റാണ്. രോഹിതിന് ഇപ്പോള്‍ പുറപ്പെട്ടാലും നിയന്ത്രണങ്ങളനുസരിച്ച് ഡിസംബര്‍ 22ന് മാത്രമേ പരിശീലനം തുടങ്ങാനാകൂ. ഇതോടെ രണ്ടു താരങ്ങളും ആദ്യ രണ്ട് ടെസ്റ്റിലും കളിക്കില്ലെന്ന് ഉറപ്പായി.















