ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. അതേസമയം ഈ സീസണിലെ മികച്ച ടീമുകളിലൊന്നായി വിലയിരുത്തപ്പെട്ട ശക്തരായ മുംബൈ സിറ്റി എഫ്സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സീസണിൽ നോർത്ത് ഈസ്റ്റ് ടീം അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ ഉള്ളത്. എടികെ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തോൽവി അർഹിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്സിന് സംഭവിച്ച ചെറിയ പിഴവിൽ നിന്നുണ്ടായ അവസരം ഗോളാക്കാൻ സാധിച്ചത് കൊണ്ട് മാത്രമാണ് എടികെ മോഹൻ ബഗാൻ വിജയിച്ചത്. എന്നാൽ നോർത്ത് ഈസ്റ്റിന്റെ ആദ്യ മത്സരത്തിൽ ഭൂരിഭാഗം സമയങ്ങളിലും മത്സരം അവരുടെ നിയന്ത്രണത്തിൽ ആയിരുന്നില്ല. മറുവശത്ത് ഉദ്ഘാടന മത്സരത്തിൽ വിജയിച്ചത് എടികെ മോഹൻ ബഗാൻ ആയിരുന്നെങ്കിലും മത്സരം നിയന്ത്രിച്ചത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആയിരുന്നു. അതു പോലെ മത്സരത്തിലെ അവസാന മിനിറ്റുകളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് അവരുടെ രണ്ട് പ്രധാന വിദേശ താരങ്ങൾക്ക് അവസരം നൽകിയത്. അടുത്തിടെ നടന്ന പരിശീലന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഗോളുകൾ നേടിയ ഈ താരങ്ങൾ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയാൽ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അനുകൂലമായിരിക്കും.
സാധ്യത XI
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (4-2-3-1): ആൽബിനോ ഗോമസ് (ഗോൾ കീപ്പർ), ബക്കാരി കോന, ജെസ്സൽ അലൻ കർനെയ്റോ, കോസ്റ്റ നമോയിൻസു, പ്രശാന്ത്, നോങ്ഡാംബ നൊറേം, സഹൽ അബ്ദുൾ സമദ്, സെർജിയോ സിഡോഞ്ച (ക്യാപ്റ്റൻ), ഫകുണ്ടോ പെരേര, ഋത്വിക് കുമാർ ദാസ്, ഗാരി ഹൂപ്പർ.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി (4-3-3): സുഭാഷിഷ് റോയ് ചൗധരി (ക്യാപ്റ്റൻ) (ഗോൾ കീപ്പർ), ഗുർജിന്ദർ കുമാർ, അശുതോഷ് മേത്ത, ഡിലൻ ഫോക്സ്, ബെഞ്ചമിൻ ലംബോട്ട്, ഖസ്സ കാമര, ലാൽറെംപുവിയ ഫനായി, ലാലെങ്മാവിയ, ഖുമാന്തെം നിന്തോയിംഗബാ മീതേയ്, വെസി അപ്പിയ, ലൂയിസ് മിഗുവൽ, വിയേര ബാബോ മച്ചാഡോ.















