കാന്‍ബറ: ആദ്യ ടി20 ഇന്ത്യ നേടിയതിനെതിരെ ഓസീസ് താരങ്ങളുടെ പരാതിയ്‌ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍. ഐ.സി.സിയുടെ പുതിയ നിയമമായ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം ഇന്ത്യ ലംഘിച്ചിട്ടില്ലെന്നും അനുവദിച്ച മാച്ച് റഫറി മുന്‍ ഓസീസ് ക്രിക്കറ്ററല്ലെയെന്നും ഗവാസ്‌ക്കര്‍ ചോദിച്ചു.
ആദ്യ ടി20യില്‍ ബാറ്റിംഗിനിടെ കാലിന്റെ മസിലുപിടിച്ചതിന് പിന്നാലെ അവസാന ഓവറില്‍ തലയില്‍ പന്ത് കൊണ്ടതിനേയും തുടര്‍ന്നാണ് ജഡേജ ഫീല്‍ഡിംഗിനിറങ്ങാതിരുന്നത്. എന്നാല്‍ പകരമായി ഇന്ത്യ ഇറക്കിയത് യുസ്‌വേന്ദ്ര ചഹലിനെയായിരുന്നു. ക്രിക്കറ്റിലെ പുതിയ കണ്‍കഷന്‍ സ്ബ്റ്റിറ്റിയൂട്ട് നിയമം അനുസരിച്ച് പകരമിറങ്ങുന്നയാളിന് പന്തെറിയാമെന്ന ആനുകൂല്യമാണ് ഇന്ത്യയ്‌ക്ക് തുറുപ്പുചീട്ടായത്. ചഹല്‍ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്‌ത്തി ഓസീസിന്‍ നിന്നും വിജയം തട്ടിയെടുത്തു. ചഹലിനെ ഇറക്കിയപ്പോള്‍ തന്നെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ക്യാപ്റ്റന്‍ ഫിഞ്ചും പരാതിയുമായി മാച്ച് റഫറിയെ കണ്ടിരുന്നു. മൂവരും സംസാരിക്കുന്ന ദൃശ്യവും കളിക്കിടെ മാദ്ധ്യമങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നുമുണ്ടായിരുന്നു.















