ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ട്രെയിനില്‍ കയറാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്ക് പോകുന്ന നാഷണല്‍ ഹൈവേയില്‍ ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. അവിടെ ഒന്ന് കയറി നോക്കിയാലോ….കേള്‍ക്കുമ്പോള്‍ വ്യത്യസ്തമായി തോന്നാമെങ്കിലും സംഭവം കാര്യമാണ്. എന്നാലിത് യാത്രയ്ക്കായുളള ട്രെയിനല്ലെന്നു മാത്രം. മറിച്ച് സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന കോഴിക്കോട് കൊയിലാണ്ടിയിലെ തക്കാര റസ്റ്റോറന്റാണിത്. വ്യത്യസ്തമായ നിരവധി റസ്റ്റോറന്റുകളെ കുറിച്ചും നാം കേട്ടിട്ടുണ്ട്, ചിലരെങ്കിലും അവിടെയെല്ലാം പോയി ഭക്ഷണം കഴിച്ചിട്ടും ഉണ്ടാകും.
എന്നാല്‍ കോഴിക്കോട്ടുകാര്‍ക്ക് ഒരു വിസ്മയം തന്നെയാണ് തക്കാര. റസ്റ്റോറന്റിനു മുന്‍പിലായി തക്കാര എന്ന പേരില്‍ ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. അതിനുള്ളില്‍ കയറിയാല്‍ ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്ന അതേ അനുഭവമാണ് ലഭിക്കുക. സീറ്റുകള്‍, ബര്‍ത്ത്, ഫാന്‍, തുടങ്ങി ഒരു കമ്പാര്ട്ട്മെന്ററിന്റെ അതേ രീതിയില്‍ തന്നെയാണ് എല്ലാം ഒരുക്കിയിട്ടുള്ളത്. കൂടാതെ ഓരോ സീറ്റുകളുടേയും ഇടയിലായി ജനലിനു പകരമായി ഒരു എല്‍ഇഡി സ്ക്രീന്‍ ഒരുക്കിയിട്ടുണ്ട്.
അതിലെ ചലിച്ചു കൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ യാത്രയുടെ അതേ അനുഭൂതിയാണ് നല്‍കുന്നത്. അതിലെല്ലാം ഉപരിയായി തക്കാരയിൽ വളരെ രുചികരമായ ഭക്ഷണമാണ് വിളമ്പുന്നത്. റസ്റ്റോറന്റിനു പുറമേ റൂം സര്‍വീസുകളും മീറ്റിംഗ് ഹാളുകളും ഇവിടെയുണ്ട്. ഒരു കുടുംബത്തിന് ഒരു ദിവസം തങ്ങാവുന്ന തരത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് മുറി ഒരുക്കിയിട്ടുള്ളത്. അതുപോലെ തന്നെ ഒരു മീറ്റിംഗിന് ആവശ്യമായ സൗകര്യത്തോടെയാണ് ഹാള്‍ ഒരുക്കിയിട്ടുള്ളത്. ആരെയും ആകര്‍ഷിക്കുന്ന തക്കാരയിലേയ്ക്ക് നിരവധി ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Comments