പനാജി: കേരള ബ്ലാസ്‌റ്റേഴ്‌സിന് ആവേശ ജയമൊരുക്കി അബ്ദുള്‍ ഹക്കുവും ജോര്‍ദാന്‍ മറെയും. ഹൈദരാബാദ് എഫ്‌സിയെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ഐഎസ്എലില്‍ ഈ സീസണിലെ ആദ്യ ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.
കളിയുടെ തുടക്കംമുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളംനിറഞ്ഞു. കളിയുടെ 29-ാം മിനിറ്റിലായിരുന്നു ആദ്യമായി ആദ്യ ഇലവനില്‍ ഇടം പിടിച്ച ഹക്കുവിന്റെ ഗോള്‍. 88-ാം മിനിറ്റില്‍ മറെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയമുറപ്പിച്ചു. യുവതാരം ജീക്‌സണ്‍ സിംഗ് കളിയിലെ താരമായി. കളിയില്‍ പൂര്‍ണനിയന്ത്രണം നേടിയ ബ്ലാസ്‌റ്റേഴ്‌സ് മനോഹര പ്രകടനമാണ് ഹൈദരാബാദിനെതിരെ പുറത്തെടുത്തത്. ഹൈദരാബാദിന്റെ സൂപ്പര്‍ താരം അരിദാനെ സന്റാനയുടെ നീക്കങ്ങള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കൃത്യമായി തടയിട്ടു. ആദ്യപകുതി ഒറ്റ ഗോള്‍ ആനുകൂല്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് അവസാനിപ്പിച്ചു.
രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് നല്ല കളി പുറത്തെടുത്തു. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ സുബ്രത പോളിന്റെ സേവുകളാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍നിന്ന് ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് ഏഴ് കളിയില്‍ നിന്ന് ആറ് പോയിന്റായി. ജനുവരി രണ്ടിന് മുംബൈ സിറ്റി എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.















