റോം: ഫുട്‌ബോൾ ഇതിഹാസം പെലെയുടെ അപൂർവ റെക്കോർഡ് തിരുത്തിക്കുറിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദേശീയ ടീമിനും ക്ലബ്ബ് ഫുട്‌ബോളിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. സിരിഎയിലെ കഴിഞ്ഞ മത്സരത്തിൽ ഉഡിനീസിനെതിരെ നേടിയ ഇരട്ട ഗോളുകളാണ് റൊണാൾഡോയ്‌ക്ക് അപൂർവ നേട്ടം സമ്മാനിച്ചത്.
കരിയറിൽ 757 ഗോളുകളാണ് പെലെ നേടിയത്. പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ഇരട്ട ഗോളടിച്ചതോടെ റൊണാൾഡോയുടെ അക്കൗണ്ടിലുള്ള ഗോളുകളുടെ എണ്ണം 758 ആയി. 1931-1955 കാലഘട്ടത്തിൽ 759 ഗോൾ നേടിയ സ്ലാവിയ പ്രേഗിന്റെ ഇതിഹാസ താരം ജോസഫ് ബീക്കൺ മാത്രമാണ് ഇനി കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ റൊണാൾഡോയ്‌ക്ക് മുന്നിലുള്ളത്. 742 ഗോളുകളുമായി ലയണൽ മെസി റൊണാൾഡോയ്‌ക്ക് തൊട്ടുപിന്നിലുണ്ട്.
ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന പെലെയുടെ റെക്കോർഡ് മെസി അടുത്തിടെ മറികടന്നിരുന്നു. ബ്രസീലിയിൻ ക്ലബ്ബായ സാന്റോസിന് വേണ്ടി പെലെ നേടിയ 643 ഗോളുകൾ എന്ന റെക്കോർഡാണ് മെസി തിരുത്തിക്കുറിച്ചത്. പെലെ 19 സീസണുകൾ കൊണ്ട് സ്വന്തമാക്കിയ നേട്ടം മെസി 17-ാം സീസണിലാണ് മറികടന്നത്.















