സിഡ്‌നി: കങ്കാരുപ്പടയുടെ ടെസ്റ്റ് ചരിത്രത്തിലെ 460-ാംമത്തെ അംഗമായി വിൽ പൂകോവ്‌സ്‌കിയുടെ അരങ്ങേറ്റം. പരിശീലനങ്ങൾക്കിടയിൽ പരിക്കേറ്റില്ലായിരുന്നെങ്കിൽ ആദ്യ ടെസ്റ്റിൽ കളിക്കാനിറങ്ങേണ്ട താരമായിരുന്നു 22 കാരനായ വിൽ. മികച്ച ബാറ്റ്‌സ്മാനായി ആഭ്യന്തര ക്രിക്കറ്റിലൂടെ ഉയർന്നുവന്ന വിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടി തുടക്കം അവിസ്മരണീയമാക്കി.
രണ്ടു തവണ ഋഷഭ് പന്ത് കൈവിട്ട വിൽ തന്റെ അർദ്ധസെഞ്ച്വറി നേടിയത് നിർണ്ണായക സമയത്തായിരുന്നു. കഴിഞ്ഞ നവംബറിൽ ഷെഫീൽഡ് ഷീൽഡിനായി തുടർച്ചയായി ഇരട്ട സെഞ്ച്വറികൾ നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 1991ൽ ഡീൻ ജോൺസിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ വിക്ടോറിയൻ എന്ന പ്രത്യേകതയും വിൽ സ്വന്തമാക്കി. ഇന്ത്യക്കെതിരെ ടെസ്റ്റ് ക്യാപ്പണിഞ്ഞ വില്ലിനേയും ഇന്ത്യക്കായി ഇന്ന് അരങ്ങേറിയ നവ്ദീപ് സെയ്‌നിയേയും മുൻ നായകൻ ആദം ഗിൽക്രിസ്റ്റ് അഭിനന്ദിച്ചു.















