ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. 24 മണിക്കൂറിനിടെ 16,946 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 198 മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ആകെ 1,05,12,093 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 1,01,46,763 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 24 മണിക്കൂറിനിടെ 17,652 പേർ കൂടി രോഗമുക്തി നേടിയതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,13,603 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,41,191 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളുടെ എണ്ണം വർധിച്ചപ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നില്ല എന്നത് ആശങ്ക കുറയ്ക്കുന്നു.
ആകെ 1,51,727 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന് സമാനമായി കൊറോണയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.
Comments