മുംബൈ : ഏറ്റവും പുതിയ സഫാരിയുടെ ആദ്യ യൂണിറ്റ് പുറത്തിറക്കി ടാറ്റ. കമ്പനി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പൂനെയിലെ പ്ലാന്റിൽ നിന്നും ആദ്യ യൂണിറ്റ് പുറത്തിറങ്ങുന്നതിന്റെ ചിത്രങ്ങളാണ് ടാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം വാഹനത്തിന്റെ ഒരു പ്രൊമോ വീഡിയോയും ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് വാഹനത്തെ അടുത്ത് കാണുന്നതിനുള്ള സംവിധാനവും ടാറ്റ അവതരിപ്പിച്ചു.
ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈനിലാണ് പുതിയ സഫാരിയും പുറത്തിറങ്ങുന്നത്. മുൻഭാഗം ഹാരിയറിനോട് സാദൃശ്യമുള്ളതാണെങ്കിലും പിൻഭാഗത്ത് വലിയ മാറ്റങ്ങളാണ് ഈ 7 സീറ്റർ വാഹനത്തിൽ വരുത്തിയിരിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഡിസൈനാണ് വാഹനത്തിന്റേതെന്ന് ടാറ്റ മോട്ടോഴ്സ് പറയുന്നു.
കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഗ്രാവിറ്റാസ് എന്ന പേരിൽ ടാറ്റ അവതരിപ്പിച്ച മോഡലാണ് സഫാരിയായി ഇന്ത്യൻ നിരത്തിൽവീണ്ടും തരംഗം സൃഷ്ടിക്കാൻ എത്തുന്നത്. റീക്ലെയിം യുവർ ലൈഫ് എന്ന ടാഗ് ലൈനോട് കൂടി തന്നെയാണ് പുതിയ സഫാരിയും എത്തുന്നത്.
ഹാരിയറിന്റെ സെവൻ സീറ്ററായി ഗ്രാവിറ്റാസ് എന്നുമെന്നായിരുന്നു ഓട്ടോ എക്സ്പോയിൽ ടാറ്റ അറിയിച്ചിരുന്നത്. സഫാരിയെന്ന ജനപ്രിയ മോഡലിന്റെ പേര് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പുതിയ വാഹനത്തിനും ആ പേര് നൽകിയിരിക്കുന്നത്. മൂന്നു നിരകളിലായി ആറും ഏഴും സീറ്റുള്ള വകഭേദങ്ങളിൽ സഫാരി ലഭ്യമാകും. ഹാരിയറിനെ പോലെ രണ്ടു ലിറ്റർ, ക്രയോടെക് ഡീസൽ എൻജിനാവും സഫാരിക്കും കരുത്തേകുക. 170 പി എസ് വരെ കരുത്തും 350 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനാണ് വാഹനത്തിനുണ്ടാവുക.
വാഹനത്തിന്റെ വില അടക്കമുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴാകും വിൽപ്പനയ്ക്കെത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ മാസം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments