പാലക്കാട്: വാളയാർ കേസിൽ രണ്ടു പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് പാലക്കാട് പോക്സോ കോടതി. പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കേസിലെ മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതി നൽകിയ ജാമ്യം തുടരും. രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ജനുവരി 22 ന് കോടതി പരിഗണിക്കും.
ഇന്ന് മുതലാണ് വാളയാർ കേസിൽ പുനർ വിചാരണ ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു കേസിൽ പുനർവിചാരണ ആരംഭിച്ചത്. കേസിലെ പ്രതികളായ വി. മധു, ഷിബു, എം. മധു എന്നിവരെ പാലക്കാട് പോക്സോ കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചിരുന്നു.
ഇതിനെതിരെ സർക്കാരും, പെൺകുട്ടികളുടെ രക്ഷിതാക്കളും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി പുനർവിചാരണയ്‌ക്ക് ഉത്തരവിട്ടത്. പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി തന്നെയാണ് കേസിൽ പുനർവിചാരണ നടത്തുന്നത്.















