പാലക്കാട്: മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പാലക്കാടും ഹൈദരാബാദുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പാലക്കാടാണ് നിലവിൽ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലായിരുന്നു ഷൂട്ടിംഗ്. ഇവിടെ ഷൂട്ട് ചെയ്യാൻ വേണ്ടി ചിത്രത്തിന്റെ നിർമ്മാണ കമ്പനി നൽകിയത് 23.46 ലക്ഷം രൂപയെന്ന് റിപ്പോർട്ട്.
സംസസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് റെയിൽവേ സ്‌റ്റേഷനുകൾ സിനിമാ ചിത്രീകരണത്തിനായി വാടകയ്‌ക്ക് വിട്ട് നൽകിയത്. ആറ് കോച്ചുകളാണ് സിനിമയ്‌ക്കായി പ്രൊഡക്ഷൻ കൺട്രോളർ ആവശ്യപ്പെട്ടത്. ഒരു എസി ടൂ ടയർ, ഒരു സ്ലീപ്പർ ക്ലാസ്, ഒരു ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ലഗേജ് കം ബ്രേക്ക് വാൻ, ഒരു പാഴ്‌സൽ വാൻ എന്നിവ ഉൾപ്പെടെയാണിത്.
വാടകയ്‌ക്ക് പുറമെ റെയിൽവേയുടെ മാനദണ്ഡപ്രകാരം 15 റെയിൽവേ ജീവനക്കാരുടെയും 25 യാത്രക്കാരുടെയും ഇൻഷുറൻസ് പ്രീമിയവും നിർമാണ കമ്പനി അടയ്‌ക്കണം. സിനിമയ്‌ക്കായി സേലം സ്‌റ്റേഷൻ എന്ന ബോർഡ് വച്ചാണ് ചിത്രീകരണം. രണ്ടു ദിവസത്തെ ഷൂട്ടിങ് വെള്ളിയാഴ്ച അവസാനിച്ചു. ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററിലെത്തുമെന്നാണ് സൂചന.















