ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കി സിനിമ ലോകത്തോട് വിട പറഞ്ഞ സംവിധായകന് നരിണിപ്പുഴ ഷാനവാസിന്റെ തിരക്കഥ സിനിമയാക്കുന്നു. നരിണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥയായ സല്‍മയാണ് സിനിമയാക്കാന്‍ ഒരുങ്ങുന്നത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് സല്‍മ സിനിമയാക്കുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ഷാനവാസ് അനുസ്മരണ യോഗത്തിലാണ് വിജയ് ബാബു നരിണിപ്പുഴ ഷാനവാസിന്റെ ആദ്യ തിരക്കഥ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചത്. ആ യോഗത്തില്‍ വെച്ച് തന്നെ ഷാനവാസിന്റെ ഭാര്യ അസു ഷാനവാസും മകനും ചേര്‍ന്ന് വിജയ് ബാബുവിന് തിരക്കഥയുടെ പകര്‍പ്പ് കൈമാറുകയും ചെയ്തു.
സൂഫിയും സുജാതയും എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ തന്റേതായ ഒരിടം സൃഷ്ടിക്കാന്‍ സാധിച്ച സംവിധായകനാണ് നരിണിപ്പുഴ ഷാനവാസ്. എന്നാല്‍ സിനിമ മേഖലയില്‍ കൂടുതല്‍ കാലം നില്‍ക്കാനും മലയാള സിനിമയില്‍ തന്റേതായ മികച്ച സംഭാവനകള്‍ നല്‍കാനും ഷാനവാസ് എന്ന സംവിധായകനു കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 നാണ് ഹൃദയാഘാതം മൂലം ഷാനവാസ് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയാണ് വിജയ് ബാബു.
ഈ ചിത്രത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം ഷാനവാസിന്റെ കുടുംബത്തിനു നല്‍കുമെന്ന് വിജയ് ബാബു പറഞ്ഞു. അതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു. അതു കൂടാതെ ഷാനവാസിന്റെ പേരില്‍ ഷോര്‍ട്ട് ഫിലിം സംവിധായകര്‍ക്കായി വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് അവാര്‍ഡ് ഏര്‍പ്പെടുത്തും എന്നും വിജയ് ബാബു അറിയിച്ചു. സൂഫിയും സുജാതയും കൂടാതെ കരിയാണ് ഷാനവാസിന്റെ സംവിധാനത്തില്‍ ഇറങ്ങിയ മറ്റൊരു ചിത്രം.
Comments