കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോർജ് കുട്ടിയെന്ന ക്ലാസിക് ക്രിമിനലിനെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോഴിതാ ഈ സന്തോഷത്തിന്റെ ഭാഗമായി അടുത്ത സുഹൃത്തുക്കൾക്കായി ഭക്ഷണം പാകം ചെയ്ത് നൽകുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
അഭിനയത്തിൽ മാത്രമല്ല പാചകത്തിലും മോഹൻലാൽ വിദഗ്ധനാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയാറുണ്ട്. സംവിധായകൻ പ്രിയദർശന്റെ മകളും നടിയുമായ കല്യാണി പ്രിയദർശനാണ് വീഡിയോ പകർത്തിയത്. വീഡിയോകൾ കല്യാണി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവച്ചിട്ടുണ്ട്.
ദുബായി സന്ദർശന വേളയിൽ പാചക പരീക്ഷണം നടത്തുന്ന മോഹൻലാലിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആറാട്ട് ആണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.
Comments