കോഴിക്കോട്; ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് എന്നിവർ റിമാൻഡിൽ. കോഴിക്കോട് ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് റിമാൻഡ് ചെയ്തത് . ജാമ്യം റദ്ദായതിനെ തുടർന്ന് കോടതിയിൽ എത്തിയപ്പോഴാണ് നടപടി. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലായിരുന്നു കോടതി നടപടി .
2016ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് ആണ് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കേസിൽ പ്രതികൾ നേരത്തെ ജാമ്യമെടുത്തിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ജാമ്യമെടുക്കുന്നതിനാണ് എത്തിയത്. എന്നാല്‍ ജഡ്ജി ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജാമ്യം റദ്ദാക്കിയ നടപടിയിൽ ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഹൈക്കോടതി നേതാക്കളോട് വിചാരണ കോടതിയിൽ ഹാജരാവാൻ നിര്‍ദേശിക്കുകയായിരുന്നു .വിഷയത്തിൽ ഉചിതമായ നടപടിയെടുക്കാൻ വിചാരണ കോടതിക്കും ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.
Comments