കണ്ണൂർ: കണ്ണപുരത്ത് എടിഎമ്മുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. ഹരിയാന സ്വദേശികളായ നൗമാൻ, മുബീൻ, സജാദ് എന്നിവരാണ് പിടിയിലായത്. ഹരിയാന പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്.
പിടിയിലായവരിൽനിന്ന് 16 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇവർ നേരത്തെയും എടിഎം കവർച്ച കേസുകളിൽ പ്രതിയാണെന്നും വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നും വ്യക്തമായിട്ടുണ്ട്. കണ്ടെയ്നർ ലോറിയിൽ സാധനങ്ങളുമായി കേരളത്തിലേക്ക് വരികയും മടങ്ങുമ്പോൾ മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. ഇക്കഴിഞ്ഞ 21-ാം തീയതിയാണ് എടിഎം മോഷണം നടന്നത്.
കണ്ണപുരം മേഖലയിലെ മൂന്ന് എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 24 ലക്ഷത്തിലേറെ രൂപയാണ് സംഘം മോഷ്ടിച്ചത്. സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത എടിഎമ്മുകൾ തിരഞ്ഞു പിടിച്ചാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. കേസിൽ നാല് പ്രതികൾ കൂടി ഇനി പിടിയിലാകാനുണ്ട്.
Comments