വാഷിംഗ്ടൺ: യുഎസിലെ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന കടയിലെ ഒരു അപൂർവ്വ പാത്രവും അതിന്റെ വിലയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 2,500(ഏകദേശം 35 ഡോളർ) രൂപയ്ക്ക് വിൽപ്പനയ്ക്കെത്തിച്ച ചെറിയ ബൗളിന്റെ യഥാർത്ഥ വില മൂന്ന് കോടി രൂപയാണ് (അഞ്ച് ലക്ഷം ഡോളർ). സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന ഒരു മേളയിലാണ് ഈ പാത്രം എത്തിയത്. 2500 രൂപയ്ക്കാണ് പാത്രം വിൽപ്പനയ്ക്കെത്തിച്ചത്. പിന്നീടാണ് ഈ പഴയ പാത്രം പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് അപൂർവ്വ നിർമ്മിതാണെന്ന കാര്യം വ്യക്തമായത്.
പൂക്കളുടേയും വള്ളികളുടേയും ചിത്രങ്ങൾ പതിപ്പിച്ച പാത്രം ചൈനയിലെ മിങ് രാജവംശക്കാലത്തുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജവംശത്തിലെ മൂന്നാമത്തെ ഭരണാധികാരിയായ യോങ്കിൾ ചക്രവർത്തിയുടെ കാലത്തേതാണ് പാത്രം. 1402 മുതൽ 1424 വരെയാണ് യോങ്കിൾ ചക്രവർത്തിയുടെ ഭരണകാലം. ഇതേ ശൈലിയിലുള്ള ആറ് പാത്രങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ കണ്ടെത്തിയ ഏഴാമത്തെ പാത്രം മാർച്ച് 17ന് പ്രദർശനത്തിനെത്തിയ്ക്കുമെന്ന് ആർട്ട്സ് വർക്ക് കോർപ്പറേഷനായ സോത്ബെ ചൈനീസ് കലാരൂപ വിഭാഗം അറിയിച്ചു.
നിലവിൽ പാത്രം കണക്ടിക്കട്ട് സ്വദേശിയുടെ കൈയ്യിലാണ്. വ്യക്തിയുടെ പേര് മേള പുറത്തുവിട്ടില്ല. പുരാതന നിർമ്മിതികളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധരെ പാത്രം കാണിച്ചിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാത്രത്തിന് ഇത്രയധികം വിലവരും എന്ന കാര്യം മനസിലായത്. നേരത്തെ കണ്ടെത്തിയ ആറാമത്തെ പാത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നെങ്കിലും ഇപ്പോൾ ആരുടെ കൈയിലാണെന്ന് അറിയില്ല.
അഞ്ച് പാത്രങ്ങൾ മ്യൂസിയങ്ങളിലാണ്. രണ്ടെണ്ണം തായ്വാനിലും രണ്ടെണ്ണം ലണ്ടനിലും ഒന്ന് ടെഹ്റാനിലും. ആറാമത്തേത് അവസാനമായി വിപണിയിൽ കണ്ടത് 2007 ലാണ്. ഇപ്പോൾ കണ്ടെത്തിയ ഏഴാമത്തെ പാത്രം ചൈനയിൽ നിന്ന് എങ്ങനെ യുഎസിൽ എത്തി എന്നതിൽ വ്യക്തതയില്ല.
Comments