കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 190 ഗ്രാം സ്വർണം പിടികൂടി. പിടികൂടിയ സ്വർണത്തിന് ഏകദേശം 9 ലക്ഷം രൂപ വില വരും.
കാസർകോട് ഹോസ്ദുർഗ് സ്വദേശി ഹമീദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കേരളത്തിൽ സ്വർണക്കടത്ത് വർധിച്ചുവരികയാണെന്നാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. കരിപ്പൂരും കണ്ണൂരുമാണ് ഏറ്റവുമധികം സ്വർണക്കടത്ത് ശ്രമങ്ങൾ ഉണ്ടാകുന്നത്.
കഴിഞ്ഞ ആഴ്ച കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു. രണ്ട് ദിവസങ്ങളിലായി 1600 ഗ്രാമിലധികം സ്വർണമാണ് പിടികൂടിയത്. കരിപ്പൂർ വിമാനത്താവളത്തിലും സമാനമായ രീതിയിൽ നിരവധിയാളുകളാണ് അടുത്തിടെ പിടിയിലായിട്ടുള്ളത്.
Comments