നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഏതാണ്ട് അന്തിമരൂപമായിരിക്കുന്നു. ബി ജെ പിയുടെയും കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ത്ഥി പട്ടികകളാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. ഒരുപക്ഷേ, ബി ജെ പി കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയുമായാണ് രംഗത്ത് വന്നിരിക്കുന്നത്. സ്വപ്നതുല്യമായ, ഒരുപക്ഷേ, ഈ സംസ്ഥാനത്തെ ഏറ്റവും മികച്ച രീതിയിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന പ്രഗത്ഭരായ നേതൃനിര.
പത്മവിഭൂഷണ്‍ നല്കി രാഷ്ട്രം ആദരിച്ച ഭാരതത്തിന്റെ പ്രധാനമന്ത്രി പോലും അങ്ങോട്ട് ചെന്ന് ആദരിക്കുന്ന, അഴിമതിയുടെ കറ പുരളാത്ത ഈ രാഷ്ട്രത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച് 88-ാം വയസ്സും യുവത്വമാണെന്ന് തെളിയിച്ച് രാപകലില്ലാതെ നാടിനുവേണ്ടി യത്നിക്കുന്ന ഇ ശ്രീധരന്. അതുപോലെ ഒരു സ്ഥാനാര്‍ത്ഥി നിയമസഭയിലേക്ക് ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുണ്ടോ? അഴിമതിയുടെ കറപുരളാത്ത സി കെ ഗോവിന്ദന് നായരെയും പി പി ഉമ്മറുകോയയെയും പോലുള്ള രാഷ്ട്രീയ നേതാക്കള്‍ നേരത്തെ എം എല്‍ എയും മന്ത്രിയും ഒക്കെയായിട്ടുണ്ട്. പക്ഷേ, നാടിനുവേണ്ടി സ്വയം സമര്‍പ്പിച്ച് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന സാങ്കേതിക വിദഗ്ദ്ധനും ആദര്‍ശധീരനും ആയി മാറിയ ശേഷം തിരഞ്ഞെടുപ്പു രംഗത്തേക്ക് വരിക. ശ്രീധരന്റെ വരവ് കേരളത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിയ്ക്കാന്‍ ഉതകുന്നതാണ്. കരാറെടുത്ത പദ്ധതികള്‍ സമയബന്ധിതമായി നേരത്തെ തന്നെ പൂര്‍ത്തിയാക്കി ബാക്കി വന്ന തുക ഖജനാവില്‍ അടച്ച് വികസനത്തിന് ഒരു പുതിയ മുഖം നല്കാന് ഇ ശ്രീധരന് കഴിയും. ആരു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍, അന്ധമായ രാഷ്ട്രീയമില്ലാത്തവര്‍, ഈ നാടിനെ സ്നേഹിക്കുന്നവര്‍, ഈ നാടിന്റെ വികസനം സ്വപ്നം കാണുന്നവര്‍, പുരോഗതി ആഗ്രഹിക്കുന്നവര്‍, രാഷ്ട്രീയത്തിനതീതമായി മുഖ്യമന്ത്രിയുടെ കസേരയിലേക്ക് കാണുന്നത് അദ്ദേഹത്തെയാണ്.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ 15 വനിതകളുണ്ട്. ഇരിക്കൂറില്‍ ആനിയമ്മ രാജേന്ദ്രന്, കണ്ണൂരില്‍ അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, പേരാവൂരില്‍ സ്മിത ജയമോഹന്, കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസ്, കൊണ്ടോട്ടിയില്‍ ഷീബാ ഉണ്ണിക്കൃഷാണന്, പെരിന്തല്‍മണ്ണയില്‍ അഡ്വ. സുചിത്ര മാട്ടട, ഗുരുവായൂരില്‍ അഡ്വ. നിവേദിത, പെരുമ്പാവൂരില്‍ അഡ്വ. ടി പി സിന്ധുമോള്‍, എറണാകുളത്ത് ശ്രീമതി പത്മജ എസ് മേനോന്, കുന്നത്തുനാട്ടില്‍ രേണു സുരേഷ്, ഉടുമ്പന്‍ചോലയില്‍ രമ്യ രവീന്ദ്രന്, പാലായില്‍ ഡോ. ജെ. പ്രമീളാദേവി, കോട്ടയത്ത് മിനര്‍വാ മോഹന്‍, കുന്നത്തൂരില്‍ രാജി പ്രസാദ്, ചിറയിന്‍കീഴില്‍ ആശാ നാഥ് തുടങ്ങിയവരാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍.
മുന്‍ വൈസ് ചാന്‍സലര്‍മാരും ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും അടക്കം ഏറ്റവും മികച്ച ടീമിനെയാണ് ബി ജെ പി മുന്നോട്ടു വെയ്ക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും ഒന്നിച്ച് ജനവിധി തേടുന്നു. കെ കരുണാകരന് ശേഷം ആദ്യമായാണ് ഒരു പ്രമുഖ നേതാവ് രണ്ടു മണ്ഡലങ്ങളില്‍ ഒരേസമയം മത്സരിക്കുന്നത്. കഴിഞ്ഞതവണ 83 വോട്ടിന് കൈവിട്ടുപോയ മഞ്ചേശ്വരത്ത് ഇക്കുറി കള്ളവോട്ട് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വീണ്ടും സുരേന്ദ്രന് ഒരുകൈ നോക്കുന്നത്. തന്റെ ആരാധ്യദേവന് ശബരിമല അയ്യപ്പന്റെ വാസഭൂമിയായ ശബരിമലയെ പരിപാലിക്കാനാണ് കോന്നിയിലും ജനവിധി തേടുന്നത്.
മുന്‍ പി എസ് സി ചെയര്‍മാനും കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ എസ് രാധാകൃഷ്ണന്, കലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സലറും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ അബ്ദുള്‍ സലാം, വനിതാ കമ്മീഷന് മുന്‍ അംഗം ഡോ. പ്രമീളാദേവി, മുന്‍ ഡി ജി പി ഡോ. ജേക്കബ്ബ് തോമസ്, മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്, ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, സി കെ പത്മനാഭന്, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എന്‍ രാധാകൃഷ്ണന്, രാജ്യസഭാ എം പിയും ചലച്ചിത്ര താരവുമായ സുരേഷ്ഗോപി, രാജ്യസഭാ എം പിയും മുന്‍ എം എല്‍ എയും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ അല്‍ഫോന്‍സ് കണ്ണന്താനം, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള എഞ്ചിനീയറായ മണിക്കുട്ടന്, അദ്ധ്യാപക സംഘടനാ മുന്‍ നേതാവും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി സദാനന്ദന് മാസ്റ്റര്‍ എന്നിവരും മത്സരരംഗത്തുണ്ട്. സദാനന്ദന് മാസ്റ്റര്‍ കേരളത്തിലെ സി പി എം അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. സി പി എം ആക്രമണത്തില്‍ കണ്ടു കാലുകളും ഛേദിക്കപ്പെട്ട ആളാണ് അദ്ദേഹം.
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേഷ്, കെ പി സുധീര്‍, സി കൃഷ്ണകുമാര്‍, യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ പി പ്രകാശ് ബാബു, സാമൂഹിക രാഷ്ട്രീയ നിരീക്ഷകരും യുവ നേതാക്കളും ചാനല്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യവുമായ അഡ്വ. ശങ്കു ടി ദാസ്, സന്ദീപ് വാര്യര്‍, സന്ദീപ് വചസ്പതി, ഉല്ലാസ് ബാബു, അനൂപ് ആന്റണി, അഡ്വ. വി ഗോപാലകൃഷ്ണന് എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള യുവനേതാവ് പി ശ്യാംരാജ് ജനറല്‍ സീറ്റായ തൊടുപുഴയില്‍ നിന്നാണ് ജനവിധി തേടുന്നത്. പുതുപ്പള്ളിയില്‍ ബി ജെ പി കോട്ടയം ജില്ലാ മുന്‍ പ്രസിഡണ്ട് എന്‍ ഹരിയും ചങ്ങനാശ്ശേരിയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് ജി രാമന്‍നായരും ജനവിധിതേടുന്നു. ബി ജെ പി മുന്‍ സംസ്ഥാന വക്താവും ഇപ്പോള്‍ ട്രഷററുമായ ജെ ആര് പത്മകുമാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, പ്രമുഖ ഹോട്ടല്‍ വ്യവസായിയും ഉദയസമുദ്ര ഗ്രൂപ്പിന്റെ സാരഥിയുമായ രാജശേഖരന് നായര്‍, മത്സ്യതൊഴിലാളികളുടെ പ്രമുഖ നേതാവ് എന്‍ പി രാധാകൃഷ്ണന്, പ്രമുഖ ചലച്ചിത്രതാരം കൃഷ്ണകുമാര്‍ തുടങ്ങിയവരും ബി ജെ പി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒരുപക്ഷേ, കേരളത്തില്‍ ഇന്നുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടി അവതരിപ്പിച്ച ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി ജെ പി ഇക്കുറി മുന്നോട്ടു വെച്ചിരിക്കുന്നത്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും പിന്‍വാതില്‍ നിയമനത്തിലും ഒക്കെയായി മുങ്ങിക്കുളിച്ചു നില്ക്കുന്ന ഇടതുഭരണത്തിനും വലതുഭരണത്തിനും തിരശ്ശീലയിടാന് ഈ ടീമിന് കഴിയും. ഇനി വേണ്ടത് ഒന്നിച്ച് ഒറ്റക്കെട്ടായി അതിശക്തമായ പ്രവര്‍ത്തനമാണ്. അതിനു വേണ്ടി തയ്യാറെടുക്കാം.
Comments